പാനൂർ : കനത്ത മഴയിൽ വീടിന്റെ മേൽക്കൂര തകർന്ന് വീണ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്ക്. ചെറ്റക്കണ്ടി എ.കെ.ജി. നഗർ തെക്കും മുറിയിലാണ് അപകടം. വടക്കേ കരാൽ കുമാരന്റെ വീടിൻ്റെ മേൽക്കൂരയാണ് തകർന്നുവീണത്.
മീത്തലെ ചരുമംഗലത്ത് നാണി (67), മീത്തലെ ചരു മംഗലത്ത് ചിത്ര (38), വടക്കെകരാൾ ശാരദ (60), കിഴക്കെചരുമംഗലത്ത് രസ്‌ന (30), മീത്തലെ ചരുമംഗലത്ത് വസന്ത (55), മീത്തലെ ചരുമംഗലത്ത് കൃപ (28) എന്നിവർക്കാണ് പരിക്കുപറ്റിയത്.കാലിനും കൈക്കും തോളിലും തലയ്ക്കും പരിക്കുപറ്റിയ ആറുപേരെയും പാറക്കടവ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജോലിക്കിടയിൽ വീടിൻ്റെ ഉമ്മറത്തിരുന്നു ഭക്ഷണം കഴിക്കുന്നതിനിടെയാണ് മേൽക്കൂര നിലംപതിച്ചത്.
സംഭവസമയത്ത് ഉമ്മറത്ത് നിരവധി തൊഴിലാളി കളുണ്ടായിരുന്നെങ്കിലും ബാക്കിയുള്ളവർ ഇറങ്ങിയോടി. തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡൻറ് വി.കെ. തങ്കമണി, സെക്രട്ടറി വി.വി. പ്രസാദ്, പഞ്ചായത്തംഗങ്ങളായ വി.പി. മനോജ്, ടി.പി. യശോദ, സി.പി.എം. നേതാക്കളായ എ.കെ. അജയൻ, എം.എം. മനോ മോഹനൻ എന്നിവർ പരിക്കേറ്റവരെ സന്ദർശിച്ചു