പാനൂർ: പാനൂർ ബോംബ് സ്ഫോടനത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ബോംബ് നിർമ്മാണത്തിനുള്ള സ്റ്റീൽ പാത്രങ്ങൾ വാങ്ങിയത് കല്ലിക്കണ്ടിയിൽ നിന്നാണ്. ഡിവൈഎഫ്ഐ പ്രാദേശിക ഭാരവാഹി ഷിജാലും ഷബിൽ ലാലും ചേർന്നാണ് പാത്രങ്ങൾ വാങ്ങിയത്. സ്ഫോടക വസ്തുക്കൾ എവിടെ നിന്നാണ് എത്തിച്ചതെന്നതിൽ പൊലീസ് അന്വേഷണം തുടരുന്നു.
ബോംബ് സ്ഫോടനത്തിന് പിന്നാലെ, പാനൂരിൽ പൊലീസ് നടത്തിയ പരിശോധനയിൽ എട്ടു സ്റ്റീൽ ബോംബുകൾ കണ്ടെടുത്തിരുന്നു. കൂടുതൽ ബോംബുകൾ നിർമ്മിച്ചിട്ടുണ്ടാകാമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ബോംബ് നിർമ്മാണ സാമഗ്രികൾ സ്ഥലത്തു നിന്നും മാറ്റിയതായി പൊലീസ് സൂചിപ്പിക്കുന്നു.
പ്രതികൾ ബോംബ് നിർമ്മിച്ചത് രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിട്ടാണെന്ന പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട് കഴിഞ്ഞദിവസം പുറത്തു വന്നിരുന്നു. ബോംബ് നിർമാണത്തെ കുറിച്ച് മുഴുവൻ പ്രതികൾക്കും അറിവുണ്ടായിരുന്നു. ഡിവൈഎഫ്ഐ ഭാരവാഹികൾ ഉൾപ്പെടെയുള്ളവർ തെളിവ് നശിപ്പിക്കാനും ശ്രമിച്ചു. ഡിവൈഎഫ്‌ഐ കൂനോത്ത് പറമ്പ് യൂണിറ്റ് സെക്രട്ടറി ഷിജാൽ ആണ് മുഖ്യ ആസൂത്രകൻ എന്നും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
പ്രതിപ്പട്ടികയിലുള്ള പ്രവർത്തകർക്കെതിരെ കുറ്റം തെളിഞ്ഞാൻ നടപടി സ്വീകരിക്കുമെന്ന് ഡിവൈഎഫ്ഐ അറിയിച്ചു.