തലശേരി:പാനൂരിനടുത്ത വള്ള്യായി കണ്ണച്ചൻകണ്ടി വീട്ടിൽ വിഷ്ണു പ്രിയ(23)യെ കിടപ്പുമുറിയിൽ കൊലപ്പെടുത്തിയ കേസിൻ്റെ പ്രോസിക്യുഷൻ സാക്ഷി വിസ്താരം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്‌ജി എ വി മൃദുല മുമ്പാകെ പൂർത്തിയായി. 49 സാക്ഷികളെ വിസ്തരിച്ചു. 102 രേഖകളും 40 തൊണ്ടിമുതലുകളും ഹാജരാക്കി. കൊലപാതകത്തിന് ആയുധം വാങ്ങിയ കടയിലെയും പാനൂരിനടുത്ത വള്ളങ്ങാട് സബ് ട്രഷറിക്കടുത്ത് കൂടി പ്രതി കടന്നു പോകുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ കോടതി പരിശോധിച്ചു. സിസിടിവി ദൃശ്യം സ്ക്രീനിൽ പ്രദർശിപ്പിച്ചാണ് സാക്ഷികളെ വിസ്‌തരിച്ചത്. പ്രതി ഉപയോഗിച്ച മോട്ടോർ സൈക്കിളും കോടതി ഹാളിൽ എത്തിച്ചു.പൊന്നാനി സ്വദേശിയായ സുഹൃത്തുമായി 2022 ഒക്ടോബർ 22ന് പകൽ 11.47 ന് ഫോണിൽ സംസാരിക്കുന്നതിനിടെയാണ് വിഷ്‌ണു പ്രിയയെ കൊലപ്പെടുത്തിയത്. പ്രണയാഭ്യർഥന നിരസിച്ചതിൻ്റെ വിരോധത്തിൽ മാനന്തേരി താഴെ കളത്തിൽ വീട്ടിൽ എ ശ്യാംജിത്ത് (25) കൊലപ്പെടുത്തിയെന്നാണ് കേസ്. തലയ്ക്കടിച്ചു വീഴ്ത്തിയ ശേഷം കഴുത്ത് വെട്ടിക്കൊല്ലുക യായിരുന്നു. പാനൂരിൽ സ്വകാര്യ ആശുപത്രിയിൽ ഫാർമസിസ്‌റ്റായിരുന്നു കൊല്ലപ്പെട്ട വിഷ്ണുപ്രിയ. കൊലപാതകം നടക്കുമ്പോൾ യുവതി വീട്ടിൽ തനിച്ചായിരുന്നു.
മോട്ടോർ സൈക്കിളിൽ നിന്ന് ഇറങ്ങിയ യുവാവ് വീട്ടിലേക്ക് കയറിപോകുന്നത് കണ്ടതായി അയൽവാസികൾ മൊഴി നൽകിയിട്ടുണ്ട്. അറസ്‌റ്റിലായത് മുതൽ പ്രതി ശ്യാംജിത്ത് ജുഡീഷ്യൽ കസ്റ്റഡിയിലാണ്. 90 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസിലാണ് പ്രോസിക്യുഷൻ സാക്ഷിവിസ്താരം പൂർത്തിയായത്. പ്രോസിക്യുഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ അജിത്‌കുമാർ ഹാജരായി
#tag:
പാനൂർ