ടൂറിസം വകുപ്പിന്റെ മലനാട് റിവർ ക്രൂസ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണം പൂർത്തിയാക്കിയ ബോട്ട് ജെട്ടികളെയും ടെർമിനലുകളെയും പ്രത്യേകം ടൂറിസം കേന്ദ്രങ്ങളാക്കി മാറ്റുന്നു. ഇതിന്റെഭാഗമായി കൂത്തുപറമ്പ് മണ്ഡലത്തിലെ കരിയാട് കിടഞ്ഞിബോട്ട് ടെർമിനലിനെയും പെരിങ്ങത്തൂർ, മോന്താൽ ബോട്ട്ജെട്ടികളെയും പ്രത്യേക ടൂറിസം കേന്ദ്രങ്ങളാക്കി മാറ്റും.മാഹി പുഴയുടെ സൗന്ദര്യം ആവോളംനുകരാൻ സഞ്ചാരികളെ ആകർഷിക്കാനാണ് നീക്കം. ഇതിനായുള്ള പ്രീ ബിഡ് യോഗം നടന്നു. ഓരോ കേന്ദ്രത്തിന്റെയും വികസന സാധ്യതകൾ ആരായാനും നിക്ഷേപം ആകർഷിക്കാനുമായി കെ.പി.മോഹനൻ എം.എൽ.എ.യുടെ നേതൃത്വത്തിലായിരുന്നു യോഗം,
പ്രത്യേകം ടൂറിസം കേന്ദ്രങ്ങളായി തിരിച്ച് വികസിപ്പിക്കുന്നതിന് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ മുഖേന നടത്തിപ്പിനും പരിപാലനത്തിനുമായി ഒരു വർഷത്തേക്ക് ക്വട്ടേഷൻ ക്ഷണിച്ച സാഹചര്യത്തിലാണിത്.ഏതാനും വർഷങ്ങളായി മയ്യഴിപ്പുഴയിൽനിന്ന് മണൽ നീക്കം ചെയ്യാത്തതുകാരണം ബോട്ടിങ് പ്രയാസകരമായിരിക്കുമെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു. പുഴയിലെ പാറകൾ ഡ്രഡ്ജ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡി.ടി.പി.സി. ഉൾനാടൻ ജലഗതാഗത വകുപ്പിന് കത്ത് നൽകിയിരുന്നു.ആവശ്യമായ പരിശോധന നടത്തുകയും രണ്ടു വർഷം കൂടുമ്പോൾ മണൽ നീക്കം ചെയ്യണമെന്നും യോഗത്തിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു.
ബോട്ടുകൾക്ക് ഇൻഷുറൻസ് പരിരക്ഷഏർപ്പെടുത്തണമെന്നും ആവശ്യമുയർന്നു ആവശ്യമായ സുരക്ഷയ്ക്കായി നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണമെന്നും നിർദേശമുയർന്നു. പാനൂർ നഗരസഭാ ചെയർമാൻ വി.നാസർ, കൗൺസിലർമാരായ എം.ടി. കെ.ബാബു, ബിന്ദു മോനാറത്ത്, എം.പി.ശ്രീജ, ആവോലം ബഷീർ, എം.പി.കെ.അയൂബ്, സിനിമാസംവിധായകൻ പ്രദീപ് ചൊക്ലി, ഡി. ടി .പി.സി. സെക്രട്ടറി ജെ.കെ.ജിജേഷ് കുമാർ, ടൂറിസ്റ്റ് ഇൻഫർമേഷൻ ഓഫീസർ പി.കെ.സൂരജ്, ആർക്കിടെക്ട് ടി.വി.മധുകുമാർ, എൻ.സി.ടി.ഗോപീകൃഷ്ണൻ, കെ.പി.സീന, മൻസൂർ അഴിയൂർ, ചന്ദ്രൻ മേക്കുന്ന്, ജയമോഹനൻ നാമത്ത് എന്നിവർ പങ്കെടുത്തു.
ഹൗസ് ബോട്ടുകൾ, വാട്ടർ സോഴ്സ് സംവിധാനങ്ങൾ, തദ്ദേശീയ, വാട്ടർ സ്പോർട്‌സ് സംവിധാനങ്ങൾ, തദ്ദേശീയമായ ഉത്‌പന്നങ്ങളുടെ വിപണനകേന്ദ്രങ്ങൾ, ഭക്ഷണശാലകൾ തുടങ്ങി ഓരോ കേന്ദ്രത്തിനും അനുയോജ്യമായ സൗകര്യങ്ങൾ ഒരുക്കി സഞ്ചാരികളെ ആകർഷിക്കുകയാണ് ലക്ഷ്യം. ഹോംസ്റ്റേകൾ നടത്താൻ താത്‌പര്യമുള്ളവർക്ക് അനുമതി ലഭ്യമാക്കും. ഹോട്ടലുകൾ ഉൾപ്പെടെയുള്ളവ തുടങ്ങാൻ ഭൂമി വിട്ടുനൽകാൻ കഴിയുന്നവരുണ്ടെങ്കിൽ ഇവിടേക്ക് സംരംഭകരെ കൊണ്ടുവരുന്ന കാര്യവും പരിഗണിക്കും. കെ.ടി.ഡി.സിയും ഡി.ടി.പി.സി.യും ചേർന്ന് സംരംഭകരെ കണ്ടെത്തും.
#tag:
പാനൂർ