പാനൂർ: നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ പാനൂർ സ്വദേശികളായ രണ്ടുപേരെ കാപ്പ ചുമത്തി ജയിലിലടച്ചു. ചെണ്ടയാട് സ്വദേശി പി.പി. മിഥുൻ എന്ന കുട്ടാപ്പി (29), കൂരാര സ്വദേശി കെ. യാദവ് (26) എന്നിവരെയാണ് ജയിലിലടച്ചത്. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറുടെ ശുപാർശയെ തുടർന്ന് കണ്ണൂർ ജില്ലാ കലക്ടറുടെ ഉത്തരവിലാണ് നടപടി.
സലാവുദ്ദീൻ വധക്കേസിലെ പ്രതികളാണ് ഇരുവരും. പാനൂർ, കണ്ണവം, കൊളവല്ലൂർ, കതിരൂർ, തലശ്ശേരി പോലീസ് സ്റ്റേഷനുകളിലായി കൊലപാതകം, വധശ്രമം, അക്രമം തുടങ്ങി ഒമ്പതോളം കേസുകളിൽ മിഥുൻ പ്രതിയാണ്. പാനൂർ, കൊളവല്ലൂർ, തൃശ്ശൂർ ചേലക്കര സ്റ്റേഷനുകളിലായി സമാനമായ ഒമ്പതോളം കേസുകളിൽ യാദവും പ്രതിയാണ്.
കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ബി.വി. വിജയ ഭരത് റെഡ്ഡി ഐ.പി.എസിന്റെ നിർദ്ദേശപ്രകാരം പാനൂർ എസ്.ഐ മരിയ പ്രിൻസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സിറ്റി പോലീസ് കമ്മീഷണറുടെ പ്രത്യേക അന്വേഷണസംഘവും ചേർന്നാണ് പ്രതികളെ പിടികൂടിയത്. എസ്.ഐ രജിലേഷ്, എ.എസ്.ഐ നിവേദ്, എസ്.സി.പി.ഒമാരായ സുജിത്ത്, ഷംസീർ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.
