Zygo-Ad

പുത്തൂരിന്റെ ദാഹമകറ്റിയ അനീഷിന് കർമ്മശ്രേഷ്ഠ പുരസ്കാരം

 


പാനൂർ: കൊടുംചൂടിൽ കുടിവെള്ളത്തിനായി ബുദ്ധിമുട്ടുന്നവർക്ക് ആശ്വാസമായി സ്വന്തം ചെലവിൽ കുടിവെള്ളമെത്തിച്ച് മാതൃകയായ അനീഷ് പുത്തൂരിന് കർമ്മശ്രേഷ്ഠ അവാർഡ്. സേവനം വാക്കുകളിലല്ല, പ്രവൃത്തിയിലൂടെയാണ് തെളിയിക്കേണ്ടതെന്ന് സ്വന്തം പ്രവർത്തനത്തിലൂടെ കാണിച്ചുതന്ന അനീഷിന്റെ നിസ്വാർത്ഥ സേവനത്തിനുള്ള അംഗീകാരമാണ് ഈ പുരസ്കാരം.

പാനൂർ, പുത്തൂർ, കൈവേലിക്കൽ പ്രദേശങ്ങളിലെ കുടിവെള്ളക്ഷാമം നേരിടുന്ന നൂറോളം കുടുംബങ്ങൾക്കാണ് രണ്ടുമാസത്തോളമായി അനീഷ് സ്വന്തം ചെലവിൽ കുടിവെള്ളമെത്തിക്കുന്നത്. പ്രദേശത്തെ വെള്ളം ലഭ്യമായ കിണറുകളിൽനിന്ന് വെള്ളം ശേഖരിച്ച് വാഹനത്തിൽ വീടുകളിലെത്തിക്കുകയാണ് ചെയ്യുന്നത്. ദിവസേന ഏകദേശം 15,000 ലിറ്റർ വെള്ളം വിതരണം ചെയ്യുന്ന അനീഷ്, കുടുംബങ്ങളുടെ ആവശ്യത്തിനനുസരിച്ച് എട്ടു ബക്കറ്റ് വെള്ളം വരെ നൽകുന്നുണ്ട്. 3,000 ലിറ്റർ ശേഷിയുള്ള ടാങ്കിൽ വെള്ളം ശേഖരിച്ച് ദിവസേന മൂന്നുതവണയാണ് വിതരണത്തിനായി ഇറങ്ങുന്നത്.

കൈവേലിക്കലിലെ സ്വാതി ലൈറ്റ് ആൻഡ് സൗണ്ട് ഉടമയായ തെക്കയിൽ അനീഷ് തന്റെ തൊഴിൽ തിരക്കുകൾക്കിടയിലും നാട്ടുകാരുടെ ദുരിതം സ്വന്തം ഉത്തരവാദിത്വമായി ഏറ്റെടുക്കുകയായിരുന്നു. റവന്യൂ വകുപ്പും പഞ്ചായത്തും രാഷ്ട്രീയ പാർട്ടികളും സന്നദ്ധ സംഘടനകളും കുടിവെള്ളവിതരണം നടത്തുന്നുണ്ടെങ്കിലും സ്വന്തം ചെലവിൽ, സ്വന്തം വാഹനം ഉപയോഗിച്ച് നേരിട്ട് വീടുകളിലെത്തി വെള്ളം നൽകുന്ന അനീഷിന്റെ പ്രവർത്തനം ഏറെ ശ്രദ്ധേയമാണ്.

പ്രതിഫലമോ അംഗീകാരമോ പ്രതീക്ഷിക്കാതെ സഹജീവികളുടെ പ്രയാസം മനസ്സിലാക്കി നടത്തുന്ന ഈ സേവനത്തിന് നാടിന്റെ ആദരവും ലഭിച്ചുതുടങ്ങിയിട്ടുണ്ട്. അനീഷിനെ അഭിനന്ദിച്ചുകൊണ്ടുള്ള ഫ്ലക്സുകൾ ഗ്രാമത്തിൽ ഉയർന്നത് നാട്ടുകാരുടെ സ്നേഹത്തിന്റെയും നന്ദിയുടെയും അടയാളമാണ്. കാലവർഷം ആരംഭിക്കുന്നതുവരെ കുടിവെള്ളവിതരണം തുടരാനാണ് തീരുമാനം. സ്വന്തം നാടിന്റെ ദാഹമകറ്റാൻ അധ്വാനവും സമ്പാദ്യവും മാറ്റിവെച്ച അനീഷിന് ലഭിച്ച കർമ്മശ്രേഷ്ഠ പുരസ്കാരം നന്മയും കാരുണ്യവും കൈമുതലാക്കി പ്രവർത്തിക്കുന്ന ഒരു യുവാവിനുള്ള സമൂഹത്തിന്റെ അംഗീകാരം കൂടിയാണ്.



വളരെ പുതിയ വളരെ പഴയ