പെരിങ്ങത്തൂരിൽ ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി പൈപ്പ് സ്ഥാപിക്കുന്നതിനായി കുഴിയെടക്കുന്നതിനിടെ തൊഴിലാളി കുഴിയിൽ അകപ്പെട്ടു. പെരിങ്ങത്തൂർ പുല്ലാങ്ങോത്ത് പള്ളി ഭാഗത്തുനിന്ന് തൈപ്പറമ്പ് ഭാഗത്തേക്ക് പോകുന്ന റോഡിൽ രാവിലെ 10.20ഓടെയാണ് സംഭവം. ആസാം സ്വദേശി കദീമാലി (26) ആണ് അപകടത്തിൽപെട്ടത്.
കേരള വാട്ടർ അതോറിറ്റിയുടെ ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി ജെ.സി.ബി ഉപയോഗിച്ച് റോഡരികിൽ കുഴിയെടുത്ത് പൈപ്പ് സ്ഥാപിക്കുന്നതിനിടയാണ് തൊഴിലാളി കുഴിയിൽ അകപ്പെട്ടത്. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരും മറ്റ് തൊഴിലാളികളും ചേർന്ന് ഏറെ പരിശ്രമിച്ചാണ് ഇയാളെ കുഴിയിൽനിന്ന് രക്ഷപ്പെടുത്തിയത്. കാലിന് ഗുരുതരമായി പരിക്കേറ്റ കദീമാലിയെ ഉടൻതന്നെ തലശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജലജീവൻ മിഷൻ പ്രവൃത്തികൾ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാതെയണ് നടത്തുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാത് അപകടസാധ്യത വർദ്ധിപ്പിക്കുന്നതായും അവർ ചൂണ്ടിക്കാട്ടുന്നു. പൈപ്പ് സ്ഥാപിച്ചശേഷം കുഴികൾ യഥാവിധി മൂടുന്നില്ലെന്ന പരാതിയും ശക്തമാണ്. മഴയെ തുടർന്ന് പലയിടങ്ങളിലും കുഴികളിൽ വെള്ളം കെട്ടിനിൽക്കുന്നത് അപകടങ്ങൾക്ക് വഴിയൊരുക്കുന്നുണ്ട്. കുഴികൾ കൃത്യമായി മൂടാത്തതും മുന്നറിയിപ്പ് സംവിധാനങ്ങളുടെ അഭാവവും കാൽനടയാർക്കും വാഹനയാത്രക്കാർക്കും ഭീഷണിയാകുന്നതായാണ് നാട്ടുകാരുടെ പരാതി. തൊഴിലാളിയുടെ ജീവൻ ഭീഷണിയായ അപകടം ഉണ്ടായ സാഹചര്യത്തിൽ ജലജീവൻ മിഷൻ പ്രവൃത്തികളിലെ സുരക്ഷാ ക്രമീകരണങ്ങൾ പരിശോധിക്കണമെന്നും പൈപ്പ് സ്ഥാപിച്ചശേഷം കുഴികൾ സുരക്ഷിതമായി മൂടുന്നുവെന്ന് ഉറപ്പാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
