പാനൂർ: പാനൂർ നഗരമധ്യത്തിൽ കൂത്തുപറമ്പ് റോഡിൽ യാത്രയ്ക്കിടെ സ്കൂട്ടറിന് തീപിടിച്ച് പൂർണമായും കത്തിനശിച്ചു. രാത്രി 10.45-ഓടെയായിരുന്നു സംഭവം. കടവത്തൂർ സ്വദേശി ഷഹ്സാദ് ഓടിച്ചിരുന്ന ആക്ടീവ സ്കൂട്ടറിൽ നിന്നാണ് പെട്ടെന്ന് തീ പടർന്നുപിടിച്ചത്. പുക ഉയരുന്നത് കണ്ട് ഉടൻ തന്നെ വാഹനം നിർത്തി ഷഹ്സാദ് ഇറങ്ങി ഓടിയതിനാൽ തലനാരിഴയ്ക്ക് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പാനൂർ ഫയർഫോഴ്സ് സംഘം തീയണച്ചെങ്കിലും വാഹനം പൂർണമായും കത്തിയമർന്നിരുന്നു. സീനിയർ ഫയർ ഓഫീസർ ടി.പി. ജിജേഷിന്റെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാസേനയാണ് തീയണച്ചത്. കടവത്തൂർ സ്വദേശി മുഹമ്മദ് ഷക്കീലിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്കൂട്ടർ. ഷോർട്ട് സർക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
