ചമ്പാട്: ചമ്പാട് മനയത്തുവയലിലെ വിജനമായ പറമ്പിൽ നിന്നും അപ്രതീക്ഷിതമായി വെള്ളം റോഡിലേക്ക് പ്രവഹിക്കുന്നത് പ്രദേശത്ത് അത്ഭുതവും ആശങ്കയും സൃഷ്ടിക്കുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ ഹനീഫ എന്നയാളുടെ ഉടമസ്ഥതയിലുള്ള പറമ്പിൽ നിന്നാണ് വെള്ളം പുറത്തേക്ക് ഒഴുകാൻ തുടങ്ങിയത്. വീടോ കിണറോ ഇല്ലാത്ത വിജനമായ പറമ്പിൽ നിന്ന് വെള്ളം ഒഴുകിയെത്തുന്നത് നാട്ടുകാരിൽ വലിയ സംശയത്തിന് ഇടയാക്കിയിട്ടുണ്ട്.
സംഭവത്തെ തുടർന്ന് വാട്ടർ അതോറിറ്റി പ്രദേശത്തേക്കുള്ള ജലവിതരണം താൽക്കാലികമായി നിർത്തിവെച്ചെങ്കിലും വെള്ളത്തിന്റെ ഒഴുക്ക് തുടരുകയാണ്. ഭൂഗർഭജലത്തിന്റെ സമ്മർദ്ദമോ മണ്ണിനടിയിലെ മറ്റ് ജലസ്രോതസ്സുകളോ ആകാം ഇതിന് കാരണമെന്നാണ് കരുതുന്നത്. ജിയോളജി വകുപ്പിനെയും വിവരമറിയിച്ചിട്ടുണ്ട്. ശാസ്ത്രീയ പരിശോധനയിലൂടെ മാത്രമേ പ്രതിഭാസത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാകൂ.
വിവരമറിഞ്ഞ് പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സ്നോയ, വാർഡംഗങ്ങളായ നസീർ ഇടവലത്ത്, കെ.പി. ലീല ടീച്ചർ, വിദ്യാഭവൻ പ്രിൻസിപ്പൽ കെ. സതീശൻ എന്നിവർ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. വേനൽക്കാലം അടുത്തിരിക്കെ ലിറ്റർ കണക്കിന് വെള്ളം പാഴായിപ്പോകുന്നതിൽ അധികൃതർ ഉടൻ പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
