പാനൂർ: ചിത്രകാരനും സിനിമ-നാടക പ്രവർത്തകനുമായിരുന്ന മുരളി ഏറാമലയുടെ രണ്ടാം ചരമവാർഷിക ആചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി വാട്ടർ കളർ ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബർ 11 ഞായറാഴ്ച രാവിലെ 9.30-ന് പാനൂർ ഹയർ സെക്കൻഡറി സ്കൂളിലാണ് മത്സരം നടക്കുക.
കണ്ണൂർ ജില്ലയിലെയും മാഹിയിലെയും എൽ.പി., യു.പി., ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. പ്രശസ്ത ചിത്രകാരൻ കെ.എം. ശിവകൃഷ്ണൻ മാസ്റ്റർ ചിത്രരചനാ മത്സരം ഉദ്ഘാടനം ചെയ്യും. വിജയികൾക്ക് ക്യാഷ് പ്രൈസും ട്രോഫിയും സമ്മാനിക്കും. മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള വിദ്യാർത്ഥികൾ അന്നേദിവസം രാവിലെ 9.30-ന് മുൻപായി പാനൂർ ഹയർ സെക്കൻഡറി സ്കൂളിൽ എത്തിച്ചേരണമെന്ന് സംഘാടകർ അറിയിച്ചു.
