Zygo-Ad

സർക്കാർ നിലപാടിനെതിരെയുള്ള എൽഡിഎഫ് പ്രമേയത്തിന് പിന്തുണയുമായി പാനൂർ നഗരസഭയിലെ യുഡിഎഫ്; മാതൃകയായി പാനൂർ മോഡൽ


പാനൂർ: യുഡിഎഫ്, എൽഡിഎഫ് അംഗങ്ങൾ തമ്മിലുള്ള കടുത്ത വാക്പോരിനിടയിലും സർക്കാർ നിലപാടിനെതിരെ എൽഡിഎഫ് അംഗം അവതരിപ്പിച്ച പ്രമേയത്തിന് യുഡിഎഫ് ഭരണസമിതിയുടെ പിന്തുണ. പാനൂർ നഗരസഭയിലാണ് സർക്കാരിനെതിരെയുള്ള എൽഡിഎഫ് പ്രമേയം ഭരണപക്ഷവും പ്രതിപക്ഷവും ഐകകണ്ഠ്യേന പാസാക്കിയത്.

ക്ഷേമ പെൻഷൻ ലഭിക്കുന്നതിന് തടസ്സമായി നിൽക്കുന്ന എയർ കണ്ടീഷണർ, 12000 സ്ക്വയർഫീറ്റ് വീട് എന്നീ വ്യവസ്ഥകൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഇടതുപക്ഷ അംഗം എം ടി കെ ബാബുവാണ് പ്രമേയം അവതരിപ്പിച്ചത്. യുഡിഎഫ് അംഗവും സ്ഥിരംസമിതി അധ്യക്ഷനുമായ സുഹൈൽ മേക്കുന്ന് ഈ ആവശ്യത്തെ പിന്തുണച്ചതോടെ നഗരസഭാധ്യക്ഷ പ്രമേയത്തിന് അനുമതി നൽകുകയും കൗൺസിൽ യോഗം ഇത് ഏകകണ്ഠമായി അംഗീകരിക്കുകയുമായിരുന്നു.

കൗൺസിൽ യോഗത്തിൽ രൂക്ഷമായ തർക്കങ്ങൾക്കും വാക്കേറ്റങ്ങൾക്കും ശേഷമാണ് പ്രമേയം പാസാക്കിയത്. നഗരസഭയിലെ കുനിയൽ പീടിക - പാലിലാണ്ടി റോഡിലെ അപകടാവസ്ഥയിലായ തണൽ മരങ്ങൾ എൽഡിഎഫ് കൗൺസിലർ കെ ദാസന്റെ നേതൃത്വത്തിൽ മുറിച്ചുമാറ്റിയതിനെ ചൊല്ലിയായിരുന്നു ഭരണ-പ്രതിപക്ഷ കക്ഷികൾ തമ്മിൽ തർക്കമുണ്ടായത്. മരം മുറിച്ചതിൽ ദുരൂഹതയുണ്ടെന്ന് മുസ്ലിം ലീഗ് കൗൺസിലർ എൻ പി മുനീർ ആരോപിച്ചതോടെ യോഗം ബഹളമയമായി. തടികൾ നീക്കം ചെയ്യാതെ റോഡരികിൽ കൂട്ടിയിട്ടതും, നഗരസഭ സെക്രട്ടറിക്ക് വ്യാജ പരാതി നൽകിയെന്ന ആരോപണവും യോഗത്തിൽ ചർച്ചയായി. വ്യാജ പരാതി നൽകിയവർക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്ന് കൗൺസിലർ കെ ദാസൻ വ്യക്തമാക്കി. ഈ വിഷയത്തിൽ ഒരു മണിക്കൂറോളം നീണ്ട ചർച്ചയ്ക്ക് ശേഷമാണ് സർക്കാരിനെതിരെയുള്ള പ്രമേയത്തിന് ഭരണപക്ഷവും പ്രതിപക്ഷവും ഒന്നടങ്കം പിന്തുണ നൽകിയത്.

കൂടാതെ നഗരസഭ പരിധിയിലെ തെരുവ് നായ്ക്കളുടെ ശല്യം യോഗത്തിൽ ഗൗരവമായി ചർച്ച ചെയ്യുകയും കൗൺസിലിന് മുന്നിൽ വന്ന വിവിധ വികസന പദ്ധതികൾക്ക് അംഗീകാരം നൽകുകയും ചെയ്തു. ചെയർപേഴ്സൺ കുടത്തിൽ നൗഷത്ത് യോഗത്തിൽ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ടി എം ബാബുരാജ് മാസ്റ്റർ, സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷന്മാർ, കൗൺസിലർമാർ തുടങ്ങിയവർ സംസാരിച്ചു.

 

വളരെ പുതിയ വളരെ പഴയ