ആറാം വാർഡിലാണ് ശല്യം രൂക്ഷമെങ്കിലും ഇത് മറ്റ് വാർഡുകളിലേക്കും വ്യാപിക്കുന്നുണ്ട്. രാത്രിയിലും പുലർച്ചെയുമാണ് ഇവയുടെ സാന്നിധ്യം കൂടുതൽ കാണപ്പെടുന്നത്. പരാതിയെ തുടർന്ന് പന്ന്യന്നൂർ പഞ്ചായത്ത് കൃഷി ഓഫീസർ എസ്.ആർ. സ്നേഹയുടെ നേതൃത്വത്തിൽ സ്ഥലത്ത് ബോധവൽക്കരണ ക്ലാസും തുരിശ് വിതരണവും നടത്തിയിരുന്നു. തുരിശ് പ്രയോഗിച്ച് ഒച്ചുകളെ ശേഖരിച്ച് കുഴിച്ചിടാൻ നാട്ടുകാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
എന്നാൽ ഒറ്റപ്പെട്ട വീടുകളിൽ മാത്രം പ്രതിരോധം തീർത്താൽ പോരെന്നും, മുഴുവൻ വീട്ടുകാരും ഒരേസമയം പങ്കാളികളായാൽ മാത്രമേ ഇത് പരിഹരിക്കാനാകൂ എന്നും അധികൃതർ വ്യക്തമാക്കി. ഒച്ചുകളെ നിയന്ത്രിക്കുന്നതിൽ ജാഗ്രത പാലിച്ചില്ലെങ്കിൽ മെനിഞ്ചൈറ്റിസ് (മസ്തിഷ്കജ്വരം) പോലുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കുമെന്നും മുന്നറിയിപ്പുണ്ട്. പഞ്ചായത്ത്, കൃഷി, ആരോഗ്യ വകുപ്പുകളുടെ ഏകോപനത്തോടെയുള്ള അടിയന്തര പ്രതിരോധ പ്രവർത്തനങ്ങളാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
