പാനൂർ: പാനൂർ നഗരസഭ ഒന്നാം വാർഡിലെ കൊയത്തിൽ അംഗൻവാടിയിലേക്ക് പുതിയതായി നിർമ്മിച്ച റോഡിന്റെ കോൺക്രീറ്റിംഗ് ഉദ്ഘാടനം പി.കെ. പ്രവീൺ എം.എൽ.എ. നിർവ്വഹിച്ചു. നഗരസഭ അനുവദിച്ച 5 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് കോൺക്രീറ്റ് ചെയ്ത് സഞ്ചാരയോഗ്യമാക്കിയത്.
ചടങ്ങിനോടനുബന്ധിച്ച് അംഗൻവാടിയിലെ കുരുന്നുകൾക്ക് കളിവിനോദങ്ങൾക്കായി വാർഡ് കൗൺസിലർ ഷമീന സുബൈർ സൈക്കിൾ കൈമാറി. വർഷങ്ങളായി യാത്രാദുരിതം അനുഭവിച്ചിരുന്ന പ്രദേശവാസികൾക്കും അംഗൻവാടിയിലെത്തുന്ന കുരുന്നുകൾക്കും പുതിയ റോഡ് വലിയ ആശ്വാസമാകും. കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ചയ്ക്ക് വിനോദോപാധികൾ അത്യാവശ്യമാണെന്നും ഇത്തരം കാര്യങ്ങൾക്ക് വാർഡ് തലത്തിൽ എപ്പോഴും മുൻഗണന നൽകുമെന്നും വാർഡ് കൗൺസിലർ വ്യക്തമാക്കി. ചടങ്ങിൽ ജനപ്രതിനിധികളും നാട്ടുകാരും അംഗൻവാടി ജീവനക്കാരും രക്ഷിതാക്കളും പങ്കെടുത്തു.
