പാനൂർ: പാനൂർ ടൗണിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിനും പെരിങ്ങത്തൂർ–മട്ടന്നൂർ നാലുവരിപ്പാത യാഥാർഥ്യമാക്കുന്നതിനുമായി ബി. ജെ. പി. ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് ബി. ജെ. പി. സംസ്ഥാന സമിതി അംഗം പി. സത്യപ്രകാശ് പ്രസ്താവിച്ചു. ബി. ജെ. പി. പാനൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാനൂർ യു. പി. സ്കൂൾ പരിസരത്ത് സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പെരിങ്ങത്തൂർ–മട്ടന്നൂർ നാലുവരിപ്പാത നിർമാണം ഉടൻ ആരംഭിക്കുക, ബസ് സ്റ്റാൻഡ്–ബൈപ്പാസ് റോഡ് പ്രവൃത്തി അടിയന്തരമായി പൂർത്തിയാക്കുക, പാനൂർ ടൗണിലെ റിങ് റോഡുകൾ ഗതാഗതയോഗ്യമാക്കുക, ഭൂമിയും കെട്ടിടങ്ങളും നഷ്ടപ്പെടുന്നവർക്ക് അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ പ്രതിഷേധത്തിൽ ഉന്നയിച്ചു. കൂത്തുപറമ്പ് എം. എൽ. എ.യുടെയും പാനൂർ നഗരസഭയുടെയും അനാസ്ഥയാണ് വികസന മുരടിപ്പിന് കാരണമെന്ന് ബി. ജെ. പി. ആരോപിച്ചു.
മണ്ഡലം പ്രസിഡന്റ് കെ. സി. വിഷ്ണു അധ്യക്ഷത വഹിച്ച ചടങ്ങിൽ ബി. ജെ. പി. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ഷിജിലാൽ, മേഖല സെക്രട്ടറി കെ. കെ. ധനഞ്ജയൻ എന്നിവർ പ്രസംഗിച്ചു. ജില്ലാ വൈസ് പ്രസിഡന്റുമാരായ സി. കെ. കുഞ്ഞിക്കണ്ണൻ മാസ്റ്റർ, സി. പി. സംഗീത, ഭാരവാഹികളായ എം. രത്നാകരൻ, എ. കെ. ഭാസ്കരൻ, യു. പി. ബാബു, പി. പി. രജിൽകുമാർ, കെ. പി. സാവിത്രി, കെ. പി. സുഖില, സി. വി. ജസിത തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി രോഹിത്ത് റാം സ്വാഗതവും വൈസ് പ്രസിഡന്റ് കെ. പി. അജിത നന്ദിയും പറഞ്ഞു.
