ഓർക്കാട്ടേരി: ഓർക്കാട്ടേരി ടൗണിൽ ഏറാമല സഹകരണ ബാങ്കിന് എതിർവശത്തുള്ള മൂന്നുനില കെട്ടിടത്തിൽ വൻ തീപിടിത്തം. വ്യാഴാഴ്ച രാത്രി 8.30-ഓടെയാണ് കെട്ടിടത്തിൽനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് തീ സമീപത്തെ കടകളിലേക്ക് പടരുകയായിരുന്നു. ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ മണിക്കൂറുകൾ നീണ്ട പ്രയത്നത്തിനൊടുവിലാണ് തീ പൂർണ്ണമായും അണയ്ക്കാനായത്.
ഏറാമല സഹകരണ ബാങ്കിന്റെ നീതി മെഡിക്കൽ സ്റ്റോർ, ഇവ ബ്രൈഡ് ഫാൻസി സ്റ്റോർ, ടോയ് മാൾ, കോട്ടക്കൽ ആര്യവൈദ്യശാല എന്നിവ പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് അപകടമുണ്ടായത്. അപകടസമയത്ത് കെട്ടിടത്തിലെ സ്ഥാപനങ്ങളെല്ലാം അടച്ചിരുന്നതിനാലും മറ്റ് കെട്ടിടങ്ങളിലേക്ക് തീ പടരുന്നത് തടയാനായതിനാലും വൻ ദുരന്തം ഒഴിവായി. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
