Zygo-Ad

പാനൂർ വിനയൻ വധക്കേസ്: പ്രതി ജന്മീന്റവിട ബിജുവിന് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും


പാനൂർ: പാനൂരിലെ ബി.എം.എസ്. പ്രവർത്തകനായ വിനയനെ കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ പ്രതി ചമ്പാട് സ്വദേശി ജന്മീന്റവിട ബിജുവിന് ജീവപര്യന്തം തടവ് ശിക്ഷയും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചു. തലശ്ശേരി മൂന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് റൂബി കെ. ജോസ് ആണ് വിധി പ്രഖ്യാപിച്ചത്. കേസിൽ വിചാരണ നേരിട്ട മറ്റ് പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി നേരത്തെ വെറുതെ വിട്ടിരുന്നു.

2009 മാർച്ച് 12-ന് രാത്രി 8 മണിയോടെ ചമ്പാട് കുറിച്ചിക്കരയിൽ വെച്ചാണ് വടക്കേച്ചാലിൽ രാഘവന്റെ മകൻ വി.സി. വിനയൻ (36) ക്രൂരമായി ആക്രമിക്കപ്പെട്ടത്. അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ് വഴിയിൽ വീണു കിടന്ന വിനയനെ അന്നത്തെ പാനൂർ എസ്.ഐ. ദിനേശ് കോറോത്താണ് തലശ്ശേരി ആശുപത്രിയിൽ എത്തിച്ചതെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സി.പി.എം. പ്രവർത്തകരായ ടി. ഷാജി, കാരായിന്റവിട രജീഷ്, പി.എൻ. അരുൺ, റെനിൽ, ബിഗേഷ്, കെ.കെ. അസ്കർ, പുതിയ പുരയിൽ രജീന്ദ്രനാഥ് എന്നിവരെയാണ് തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് നിരവധി പോലീസുകാരും റവന്യൂ ഉദ്യോഗസ്ഥരും ഉൾപ്പെടെ പ്രമുഖ സാക്ഷികളെ വിസ്തരിച്ചിരുന്നു.



വളരെ പുതിയ വളരെ പഴയ