പാനൂർ: പാലത്തായി പോക്സോ കേസിൽ പ്രതി കെ. പത്മരാജന്റെ ജീവപര്യന്തം തടവുശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ച ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകുന്നു. ഇതുമായി ബന്ധപ്പെട്ട് അപ്പീൽ ഹർജി സമർപ്പിക്കാനുള്ള നടപടികൾ ആഭ്യന്തര-നിയമ മന്ത്രാലയങ്ങൾ ആരംഭിച്ചു.
തലശ്ശേരി അതിവേഗ സ്പെഷ്യൽ കോടതി ജീവപര്യന്തം തടവിനും പിഴയ്ക്കും ശിക്ഷിച്ച ബി.ജെ.പി പ്രാദേശിക നേതാവും അധ്യാപകനുമായ പത്മരാജന്, അപ്പീൽ ഹർജി തീർപ്പാകുന്നതുവരെ ഹൈക്കോടതി ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിക്കുകയായിരുന്നു. എന്നാൽ, കേസിന്റെ വസ്തുതകളും പെൺകുട്ടിയുടെ മൊഴികളും കൃത്യമായി പരിഗണിക്കാതെയാണ് ഉത്തരവെന്ന വിലയിരുത്തലിലാണ് സർക്കാർ സുപ്രീം കോടതിയെ സമീപിക്കുന്നത്.
ഹൈക്കോടതി വിധിയിലെ നിരീക്ഷണങ്ങൾ വിചാരണയെയും കേസിന്റെ നിലനിൽപ്പിനെയും പ്രതികൂലമായി ബാധിക്കുമെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാരിന്റെ ഈ നീക്കം. സുപ്രീം കോടതിയിൽ ഹർജി നൽകി വിധിക്ക് സ്റ്റേ വാങ്ങാനാണ് സംസ്ഥാന സർക്കാറും പ്രോസിക്യൂഷനും ലക്ഷ്യമിടുന്നത്.
