പാനൂർ: സ്വന്തം വിവാഹദിനത്തിലും ഡോക്ടറെന്ന നിലയിലുള്ള കടമയും ഉത്തരവാദിത്തവും മറക്കാതെ മാതൃകയായി പാനൂരിലെ നവവധു ഡോ. ഷിറിൻ സുബൈർ. വിവാഹച്ചടങ്ങുകൾക്കിടെ കല്യാണ വീട്ടിലെത്തിയ രണ്ട് യുവതികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോഴാണ് മണവാട്ടി തന്നെ ചികിത്സാ സഹായവുമായി ഓടിയെത്തിയത്.
വിവാഹാഘോഷങ്ങളുടെ തിരക്കിനിടയിലാണ് യുവതികൾക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ ഡോ. ഷിറിൻ ഇരുവരുടെയും അടുത്തെത്തി ആവശ്യമായ പരിശോധനകളും പരിചരണവും നിർദേശങ്ങളും നൽകുകയായിരുന്നു. ആഘോഷങ്ങൾ മാറ്റിവെച്ച് രോഗികളുടെ ആരോഗ്യത്തിന് മുൻഗണന നൽകിയ നവവധുവിന്റെ പ്രവർത്തനം ഏറെ ശ്രദ്ധേയമായി.
പാനൂർ നഗരസഭ കൗൺസിലർ ഷമീന സുബൈറിന്റെയും പ്രവാസിയായ പി.കെ. സുബൈറിന്റെയും മകളാണ് ഡോ. ഷിറിൻ സുബൈർ. കൂത്തുപറമ്പ് സ്വദേശിയായ ഡോക്ടർ റിജാസ് അലിയാണ് വരൻ. സ്വന്തം വിവാഹദിനത്തിൽ പോലും ഡോക്ടറെന്ന ഉത്തരവാദിത്തം കൈവിടാതെ കരുതൽ കാട്ടിയ ഷിറിന് ബന്ധുക്കളുടെയും നാട്ടുകാരുടെയും പ്രശംസ പ്രവാഹമാണ് ലഭിക്കുന്നത്.
