പാനൂർ: ഓണപ്പരീക്ഷയുടെ പേരിൽ സോഷ്യൽ മീഡിയയിലൂടെ വ്യാജ അവകാശവാദങ്ങളും വ്യാജ ചോദ്യപേപ്പർ പ്രചാരണങ്ങളും നടത്തുന്നവർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഇൻസ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയ മാധ്യമങ്ങളിലൂടെ "ചോദ്യപേപ്പർ തരാം", "ഞങ്ങൾ പറയുന്ന ചോദ്യങ്ങൾ മാത്രമേ പരീക്ഷയ്ക്ക് വരൂ" തുടങ്ങിയ സന്ദേശങ്ങളാണ് ചില ചാനലുകൾ പ്രചരിപ്പിക്കുന്നത്.
ഇത്തരം തട്ടിപ്പുകൾ വിദ്യാർത്ഥികളെ യഥാർത്ഥ പഠനത്തിൽ നിന്ന് പിന്തിരിപ്പിക്കുകയും പരീക്ഷയുടെ തലേന്ന് ലഭിക്കുന്ന ചോദ്യങ്ങളെ മാത്രം ആശ്രയിക്കുന്ന രീതിയിലേക്ക് നയിക്കുകയും ചെയ്യുന്നു. കൂടാതെ, വ്യാജ പ്രചാരണങ്ങളിലൂടെ വിദ്യാർത്ഥികളുടെ വ്യക്തിഗത വിവരങ്ങൾ ശേഖരിച്ച് ദുരുപയോഗം ചെയ്യുന്നുണ്ടോ എന്നും പരിശോധിക്കേണ്ടതുണ്ട്.
വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി അധ്യാപകർ നടത്തുന്ന സാധാരണ സോഷ്യൽ മീഡിയ ക്ലാസുകൾക്ക് തടസ്സമുണ്ടാകാത്ത വിധം വ്യാജ ചോദ്യപേപ്പർ പ്രചരിപ്പിക്കുന്നവർക്കെതിരെ മാത്രം നിയമനടപടി സ്വീകരിക്കണം. വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്. ഔദ്യോഗിക മുന്നറിയിപ്പ് നൽകണമെന്നും ആവശ്യമെങ്കിൽ തെളിവുകൾ അധികാരികൾക്ക് കൈമാറുമെന്നും നിവേദനത്തിൽ വ്യക്തമാക്കുന്നു.
