Zygo-Ad

കവിയൂർ ബണ്ട് പാർക്ക് നാശത്തിന്റെ വക്കിൽ; അടിസ്ഥാന സൗകര്യങ്ങൾ നശിക്കുന്നതായി പരാതി


ചൊക്ലി :സമാധാനപൂർണ്ണമായ അന്തരീക്ഷവും പ്രകൃതിഭംഗിയും കൊണ്ട് ശ്രദ്ധേയമായിരുന്ന ചൊക്ലിയിലെ കവിയൂർ ബണ്ട് പാർക്ക് സംരക്ഷണമില്ലാതെ നാശത്തിലേക്ക് നീങ്ങുന്നു. പാർക്കിലേക്കുള്ള റോഡ് തകർന്ന് വലിയ കുഴികൾ രൂപപ്പെട്ടതും നടപ്പാതകൾ കാടുകയറിയതും കാരണം എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്.

ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ കഫ്റ്റീരിയ ഉൾപ്പെടെ സ്ഥാപിച്ച് പാർക്ക് സജീവമാക്കിയിരുന്നെങ്കിലും യഥാസമയം അറ്റകുറ്റപ്പണികൾ നടത്താത്തതാണ് നിലവിലെ ദുരവസ്ഥയ്ക്ക് കാരണം. കണ്ണൂരിലേക്കും മാഹി ബൈപ്പാസിലേക്കും വേഗത്തിലെത്താൻ സഹായിച്ചിരുന്ന റോഡാണിത്. കണ്ടൽക്കാടുകൾ നികത്താനായി എത്തുന്ന ഭാരമേറിയ വാഹനങ്ങളുടെ സഞ്ചാരമാണ് റോഡ് തകരാൻ പ്രധാന കാരണമെന്ന് ആരോപണമുണ്ട്. ഇതിനുപുറമെ പാർക്കിന്റെ ഇരുമ്പ് കൈവരികൾ ഭൂരിഭാഗവും തകർന്ന നിലയിലാണ്.

പ്രദേശത്ത് പാത്തിക്കലിൽ നിർമിക്കുന്ന റഗുലേറ്റർ കം ബ്രിഡ്ജിന്റെ ഭാഗമായുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും പാർക്കിന്റെ അവസ്ഥ പരിതാപകരമായി തുടരുകയാണ്. സഞ്ചാരികൾക്കായി ഒരുക്കിയ ഇരിപ്പിടങ്ങളും ഷെൽട്ടറുകളും കാടുമൂടിയ അവസ്ഥയിലാണ്. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാനും അനധികൃത ഭൂമി നികത്തൽ തടയാനും അടിയന്തര നടപടി വേണമെന്ന് ഗ്രാമപഞ്ചായത്തിനോടും ഡിടിപിസിയോടും നാട്ടുകാർ ആവശ്യപ്പെടുന്നു.

 

വളരെ പുതിയ വളരെ പഴയ