പള്ളൂർ: അറവിലകത്തു പാലം – പള്ളൂർ വയൽ പ്രദേശങ്ങളിൽ പെരുമ്പാമ്പ് ശല്യം രൂക്ഷമാകുന്നു. ചൊവ്വാഴ്ച രാവിലെ അറവിലക്കത്തുപാലം മണ്ടോത്ത് മീത്തൽ പ്രദേശത്തുനിന്ന് കാട്ടുപൂച്ചയെ വിഴുങ്ങിയ നിലയിൽ കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി.
തണ്ണീർത്തടങ്ങളും കാടുമൂടിയ പറമ്പുകളും നിറഞ്ഞ പ്രദേശമായതിനാൽ ഇരതേടിയാണ് പാമ്പുകൾ ജനവാസ മേഖലയിലേക്ക് എത്തുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. വളർത്തുമൃഗങ്ങൾക്കും പ്രദേശവാസികൾക്കും ഇവ വലിയ ഭീഷണിയുയർത്തുന്നുണ്ട്.
ജാഗ്രതാ നിർദ്ദേശങ്ങൾ:
* സ്വയം പിടികൂടരുത്: വിഷമില്ലെങ്കിലും ശക്തമായി കടിക്കാനും വരിഞ്ഞുമുറുക്കാനും കഴിയുന്നതിനാൽ പെരുമ്പാമ്പുകളെ സ്വയം പിടികൂടാൻ ശ്രമിക്കരുത്.
* വനപാലകരെ വിവരമറിയിക്കുക: പാമ്പിനെ കണ്ടാൽ ഉടൻ തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥരെയോ അംഗീകൃത പാമ്പുപിടിത്തക്കാരെയോ അറിയിക്കുക.
* വളർത്തുമൃഗങ്ങളുടെ സുരക്ഷ: രാത്രികാലങ്ങളിൽ വളർത്തുമൃഗങ്ങളെ സുരക്ഷിതമായ കൂടുകളിൽ അടയ്ക്കുക.
* പറമ്പുകൾ വൃത്തിയായി സൂക്ഷിക്കുക: വീട്ടുപറമ്പുകളിലെ കാടുകൾ വെട്ടിത്തെളിച്ച് എലി തുടങ്ങിയ ഇരകളുടെ സാന്നിധ്യം കുറയ്ക്കുക.
തുടർച്ചയായി പെരുമ്പാമ്പുകൾ എത്തുന്നത് പ്രദേശത്ത് വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.
