പാനൂര്‍: 16 വയസുകാരിയെ ദിവസങ്ങളോളം വീട്ടില്‍ പൂട്ടിയിട്ട് പീഡിപ്പിച്ച കേസിലെ മുഖ്യപ്രതി പിടിയില്‍. കഴിഞ്ഞ മാസം 24നാണ് പാനൂര്‍ ചെറ്റക്കണ്ടിയില്‍ വീട്ടു .തടങ്കലിലായിരുന്ന കോഴിക്കോട് സ്വദേശിയായ പെണ്‍കുട്ടിയെ പോലിസ് മോചിപ്പിച്ചത്.
ഈ കേസിലെ പ്രധാന പ്രതിയായ സുഹൈലിനെ മൈസൂരുവില്‍ നിന്നും കൊളവല്ലൂര്‍ പോലിസാണ് പിടികൂടിയത്. മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ കൊലപാതകക്കേസിലെ പ്രതിയാണ് പുല്ലൂക്കര സ്വദേശിയായ സുഹൈല്‍.
ഇയാള്‍ കര്‍ണാടകയില്‍ ഒളിവില്‍ കഴിയുകയായിരുന്നു. വ്യവസായിയെ തട്ടിക്കൊണ്ടു പോയി പണം കവര്‍ന്ന കേസില്‍ ആന്ധ്ര പൊലീസും ഇയാളെ അന്വേഷിക്കുന്നുണ്ട്.
മേയ് 15നാണ് ഒരു സംഘം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഇന്‍സ്റ്റഗ്രാമിലൂടെ പെണ്‍കുട്ടിയുമായി പരിചയപ്പെട്ട ശേഷം നേരില്‍ കാണണമെന്ന് ഇന്‍സ്റ്റഗ്രാം സുഹൃത്തായ യുവാവ് ആവശ്യപ്പെട്ടു.
തുടര്‍ന്നാണ് പെണ്‍കുട്ടി രാത്രിയില്‍ വീടിനു മുന്നില്‍ ഇറങ്ങി നിന്നത്. ഈ സമയത്ത് ഇവിടേക്ക് കാറിലെത്തിയ സംഘം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. തുടര്‍ന്ന് രക്ഷിതാക്കള്‍ പോലിസില്‍ പരാതി നല്‍കി.
അന്വേഷണം പുരോഗമിക്കുന്നതിനിടയില്‍ തട്ടിക്കൊണ്ടുപോയ സംഘത്തില്‍ നിന്നും പെണ്‍കുട്ടി രക്ഷപ്പെട്ടു. തുടര്‍ന്ന് പെണ്‍കുട്ടി തിരൂരില്‍ വച്ചാണ് സുഹൈലിനെ പരിചയപ്പെട്ടത്.
ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞാണ് സുഹൈല്‍ പെണ്‍കുട്ടിയെ ചെറ്റക്കണ്ടിയിലെ വാടക വീട്ടിലെത്തിച്ചത്. തുടര്‍ന്ന് വീട്ടില്‍ പൂട്ടിയിട്ട് ദിവസങ്ങളോളം പീഡിപ്പിച്ചു. നിരവധിപ്പേര്‍ പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടി പോലിസിനു മൊഴി നല്‍കിയത്. നിലവില്‍ 7 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ലഹരി മരുന്ന് കടത്തുമായി ബന്ധമുള്ള സുഹൈല്‍ താമസിക്കുന്ന സ്ഥലത്ത് പരിശോധന നടത്തിയത്.
പോലിസ് വരുന്നത് കണ്ട് വീട്ടിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടിയെ വീട്ടില്‍ കണ്ടെത്തിയത്. കോഴിക്കോട്ടു നിന്ന് തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയാണിതെന്ന് പോലിസ് തിരിച്ചറിഞ്ഞു.
ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് പെണ്‍കുട്ടി പൊലീസിനു മൊഴി നല്‍കി. ഇതോടെയാണ് പോക്‌സോ കേസെടുത്ത് പൊലീസ് പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചത്. കേസുമായി ബന്ധപ്പെട്ട് മറ്റാരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
