പാനൂർ: നിയമസഭ തിരഞ്ഞെടുപ്പ് 2026 വോട്ടെണ്ണലിനോടനുബന്ധിച്ച് സമാധാനപരമായ സാഹചര്യങ്ങൾ ഉറപ്പാക്കുന്നതിനായി കൊളവല്ലൂർ പോലീസ് സ്റ്റേഷനിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു. സ്റ്റേഷൻ ഇൻസ്പെക്ടർ സുനിൽകുമാർ അധ്യക്ഷനായി.
യോഗത്തിൽ തിരഞ്ഞെടുപ്പിന് ശേഷമുള്ള ആഹ്ലാദ പ്രകടനങ്ങളും പൊതുചടങ്ങുകളും നിയന്ത്രണവിധേയമാക്കുന്നതിനായി നിർണ്ണായക തീരുമാനങ്ങൾ കൈക്കൊണ്ടു.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാപിച്ച എല്ലാ പ്രചരണ ബോർഡുകളും (സ്വകാര്യ സ്ഥലങ്ങൾ ഉൾപ്പെടെ) ഉടൻ നീക്കം ചെയ്യണമെന്നും, അത് പാലിക്കാത്ത പക്ഷം നിയമ നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.
ആഹ്ലാദ പ്രകടനങ്ങളിൽ DJ ഉപയോഗം പൂർണ്ണമായും നിരോധിച്ചു. എതിര്‍ രാഷ്ട്രീയ പാർട്ടികളുടെ ഓഫീസുകൾ, സ്ഥാപനങ്ങൾ, വീടുകൾ എന്നിവ കേന്ദ്രീകരിച്ച് പ്രകടനങ്ങൾ നടത്തുന്നതും പടക്കം പൊട്ടിക്കുന്നതും വിലക്കിയിട്ടുണ്ട്.
പ്രകടനങ്ങൾ നടത്തുന്നതിനുള്ള സ്ഥലവും സമയവും പോലീസിനെ മുൻകൂട്ടി അറിയിക്കണം. കൂടാതെ എല്ലാ പ്രകടനങ്ങളിലും ബന്ധപ്പെട്ട പാർട്ടികളുടെ നേതാക്കളുടെ സാന്നിധ്യവും നിയന്ത്രണവും നിർബന്ധമാക്കി.
മുഖാമുഖം പരിപാടികൾ നടക്കുമ്പോൾ രാഷ്ട്രീയ മര്യാദകൾ പാലിച്ച് പ്രശ്നങ്ങൾ ഒഴിവാക്കാൻ നേതാക്കൾ ഇടപെടണമെന്നും യോഗം നിർദ്ദേശിച്ചു.
ടൗൺ പ്രദേശങ്ങളിൽ പ്രകടനങ്ങൾ നടത്തുന്നതിനായി സമയക്രമവും നിശ്ചയിച്ചു. നിയമസഭ മണ്ഡലത്തിൽ വിജയിക്കുന്നവർക്ക് അന്നേ ദിവസം വൈകിട്ട് 4 മണിവരെ, സംസ്ഥാന ഭരണം നേടുന്ന പാർട്ടിക്ക് വൈകിട്ട് 4 മുതൽ 5.30 വരെ, മറ്റ് മണ്ഡലങ്ങളിൽ വിജയിക്കുന്നവർക്ക് വൈകിട്ട് 5.30 മുതൽ 6.30 വരെ പ്രകടനങ്ങൾ നടത്താമെന്നതാണ് തീരുമാനം.
എല്ലാ ആഹ്ലാദ പ്രകടനങ്ങളും വൈകിട്ട് 6.30നകം അവസാനിപ്പിക്കണമെന്നും നിർദ്ദേശം നൽകി.
സോഷ്യൽ മീഡിയ വഴി നടക്കുന്ന രാഷ്ട്രീയ പോർവിളികൾ സംഘർഷത്തിലേക്ക് നീങ്ങാതിരിക്കാൻ നേതാക്കൾ മുൻകരുതലുകൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
എല്ലാ പ്രകടനങ്ങളിലും ബന്ധപ്പെട്ട നേതാക്കളുടെ സാന്നിധ്യം ഉറപ്പാക്കണമെന്നും പോലീസ് അധികൃതർ അറിയിച്ചു.
