ചെണ്ടയാട്: നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ക്വാറികൾക്കെതിരെ ആക്ഷൻ കമ്മറ്റി ഉണ്ടാക്കി പ്രവർത്തിച്ചതിലുള്ള വിരോധത്തിൽ യുവാവിനെ ബൈക്ക് തടഞ്ഞിട്ട് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികൾക്ക് കഠിനശിക്ഷ. രണ്ട് പ്രതികൾക്കും 17 വർഷവും ഒരു മാസവും തടവും 91,000 രൂപ പിഴയുമാണ് തലശ്ശേരി അസിസ്റ്റന്റ് സെഷൻസ് കോടതി വിധിച്ചത്. അസി. സെഷൻസ് ജഡ്‌ജ് എം. ശ്രുതിയാണ് ശിക്ഷ വിധിച്ചത്.
ചെണ്ടയാട് നുച്ഛിയാട്ടെ ടിപ്പർ ലോറി ഡ്രൈവർ എൻ. ബാലചന്ദ്രൻ (47), നുള്ളിക്കണ്ടിയിൽ പച്ചക്കുട്ടൻ എന്ന എം.കെ. ഷിജിത്ത് (35) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. പിഴത്തുക ആക്രമിത്തിന് ഇരയായ ദിനേശന് നൽകാനും കോടതി ഉത്തരവിട്ടു.
2016 മെയ് 30 ന് രാത്രി ചെണ്ടയാട് ഗുരുദേവ സ്‌മാരക യു.പി. സ്‌കൂളിന് സമീപമാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചെണ്ടയാട് പ്രദേശത്ത് പ്രവർത്തിച്ചിരുന്ന അനധികൃത ക്വാറികൾക്കെതിരെ രൂപീകരിച്ച ആക്ഷൻ കമ്മറ്റിക്ക് നേതൃത്വം നൽകിയ പുത്തൂർ ചെണ്ടയാട്ടെ കാരപ്പറമ്പത്ത് വീട്ടിൽ കെ.പി. ദിനേശനെയാണ് (58) പ്രതികൾ ആക്രമിച്ചത്. ദിനേശൻ ബൈക്കിൽ വീട്ടിലേക്ക് പോകവെ വഴിയിൽ തടഞ്ഞിട്ട് ഇരുമ്പുവടികൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
ആക്രമണത്തിൽ കൈകൾക്കും, കാലിനും, തലക്കും ഗുരുതരമായി പരിക്കേറ്റ ദിനേശൻ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ദിവസങ്ങളോളം വിദഗ്ദ്ധ ചികിൽസയിലായിരുന്നു. പ്രദേശത്തെ ക്വാറികളിൽ നിന്നും പാറ പൊട്ടിക്കുമ്പോൾ അടുത്തുള്ള വീടുകൾക്കും മറ്റും നാശനഷ്ടങ്ങൾ സംഭവിക്കുന്നതിനെതിരെ ദിനേശന്റെ നേതൃത്വത്തിൽ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമായതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ജില്ലാ ഗവ. പ്ലീഡർ അഡ്വ. സി. പ്രകാശൻ ഹാജരായി.
