മൊകേരി: തങ്ങൾ പീടിക പുതുമ മുക്ക് റോഡിൽ നിന്ന് ആയുധങ്ങൾ കണ്ടെടുത്ത സംഭവത്തിൽ ദുരൂഹതയുണ്ടെന്നും സമഗ്രാന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും എസ്.ഡി.പി.ഐ മൊകേരി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. സമാധാനം നിലനിൽക്കുന്ന പ്രദേശത്ത് ബോധപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമമാണോ ഇതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് പാർട്ടി പ്രസ്താവനയിൽ പറഞ്ഞു.
റോഡ് ടാറിങ്ങിനായി എത്തിച്ച ഡ്രമ്മിൽ നിന്നാണ് ആയുധങ്ങൾ കണ്ടെത്തിയത്. വിദ്യാർത്ഥികളും പ്രദേശവാസികളും സ്ഥിരമായി യാത്ര ചെയ്യുന്ന ഈ വഴിയിൽ ആയുധങ്ങൾ കണ്ടെത്തിയതിന് പിന്നിൽ ഗൂഢാലോചനയുണ്ട്. സംഭവത്തിന് പിന്നാലെ സംഘപരിവാർ കേന്ദ്രങ്ങളും ചില ചാനലുകളും നൽകിയ വാർത്തകൾ ഇതിന് പിന്നിലെ തിരക്കഥ വ്യക്തമാക്കുന്നതാണെന്നും എസ്.ഡി.പി.ഐ ആരോപിച്ചു.
സോഷ്യൽ മീഡിയയിലൂടെ പാർട്ടിയെ പ്രതിസ്ഥാനത്ത് നിർത്തി കള്ളപ്രചാരണം നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എസ്.ഡി.പി.ഐ മൊകേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് താജുദ്ധീൻ അറിയിച്ചു. നാടിന്റെ സമാധാനം തകർക്കാൻ ശ്രമിക്കുന്ന ക്രിമിനലുകളെ ജനാധിപത്യ സമൂഹം ഒറ്റപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് പോലീസ് യഥാർത്ഥ പ്രതികളെ കണ്ടെത്തണമെന്നാണ് പാർട്ടിയുടെ ആവശ്യം.
