പാനൂർ: രാഷ്ട്രീയ സംഘർഷങ്ങളുടെ തുടർച്ചയായി പാനൂർ കൂറ്റേരിയിൽ സിപിഎം പ്രവർത്തകന്റെ വീടിന് നേരെ ആക്രമണം. കൂറ്റേരി സ്വദേശിയും സിപിഎം പ്രവർത്തകനുമായ സുരേഷ് ബാബുവിന്റെ വീടിന് നേരെയാണ് ഇന്നലെ പുലർച്ചയോടെ അക്രമമുണ്ടായത്. വീടിന്റെ പിൻവശത്തെ ജനൽ ചില്ലുകൾ അക്രമിസംഘം തകർത്തു.
അടുത്തിടെ നടന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സിപിഎമ്മിന് വേണ്ടി സജീവമായി രംഗത്തിറങ്ങിയതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പാർട്ടി ആരോപിച്ചു. ബിജെപി പ്രവർത്തകരാണ് ഈ അക്രമത്തിന് പിന്നിലെന്ന് സിപിഎം പ്രാദേശിക നേതൃത്വം കുറ്റപ്പെടുത്തി.
സംഭവത്തെ തുടർന്ന് സിപിഎം നേതാക്കളായ പ്രജീഷ് പൊന്നത്ത്, എൻ.കെ. അനിൽകുമാർ എന്നിവർ സ്ഥലം സന്ദർശിക്കുകയും സുരേഷ് ബാബുവിന്റെ കുടുംബാംഗങ്ങളുമായി സംസാരിക്കുകയും ചെയ്തു. സംഭവത്തിൽ പാനൂർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കി.


