കുന്നോത്തുപറമ്പ്: കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്തിലെ ഇ.എം.എസ് മിനി സ്റ്റേഡിയം അത്യാധുനിക രീതിയിൽ നവീകരിക്കുന്നതിനും സ്പോർട്സ് ഹബ്ബായി വികസിപ്പിക്കുന്നതിനുമുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചു. സ്റ്റേഡിയം വിപുലീകരണവും ഇൻഡോർ സ്റ്റേഡിയം നിർമ്മാണവും ഉൾപ്പെടെയുള്ള വികസന പദ്ധതികൾക്കായി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെയും കായിക പ്രേമികളുടെയും ചർച്ചാ വേദി സംഘടിപ്പിച്ചു.
നാടിന്റെ കായിക മേഖലയ്ക്ക് പുതിയ ഉണർവ് നൽകുന്ന രീതിയിൽ സ്റ്റേഡിയത്തെ ഒരു സമ്പൂർണ്ണ സ്പോർട്സ് ഹബ്ബാക്കി മാറ്റാനാണ് ഭരണസമിതി ലക്ഷ്യമിടുന്നത്. പരിപാടിയിൽ കായിക താരങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, നാട്ടുകാർ എന്നിവർ പങ്കെടുത്തു. സ്റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ട പ്രായോഗികമായ നിരവധി നിർദ്ദേശങ്ങൾ ചർച്ചയിൽ ഉയർന്നു വന്നു. ജനകീയ പങ്കാളിത്തത്തോടെ പദ്ധതി നടപ്പിലാക്കാനാണ് പഞ്ചായത്ത് ഉദ്ദേശിക്കുന്നത്.
