Zygo-Ad

പാനൂരിലെ വടിവാൾ ആക്രമണം: 50 സിപിഎം പ്രവർത്തകർക്കെതിരെ കേസ്

 


കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ കണ്ണൂർ പാനൂരിൽ നടന്ന വടിവാൾ ആക്രമണവുമായി ബന്ധപ്പെട്ട് അമ്പതോളം സിപിഎം പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. പാറാട് ടൗണിലെ സംഘർഷാവസ്ഥയ്ക്കു പിന്നാലെ യുഡിഎഫ് പ്രവർത്തകന്റെ വീട് ആക്രമിച്ച് വാഹനങ്ങൾ തകർക്കുകയും വടിവാൾ വീശി ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിലാണ് നടപടി.

പോലീസ് വാഹനം തകർത്തതടക്കം നിരവധി കുറ്റങ്ങൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അക്രമത്തിന് നേതൃത്വം നൽകിയവരിൽ ശരത്ത്, അശ്വന്ത്, അനുവിൻ, ആഷിക്, സച്ചിൻ, ജീവൻ എന്നിവരുൾപ്പെടുന്നുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

മുഖംമൂടി ധരിച്ചെത്തി ആക്രമണം:

പാറാട് ടൗണിൽ യുഡിഎഫ്-എൽഡിഎഫ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിന് ശേഷമാണ് സിപിഎം പ്രവർത്തകർ സംഘടിച്ചെത്തി ആക്രമണം നടത്തിയത്. എൽഡിഎഫ് ഭരിച്ചിരുന്ന കുന്നത്ത്പറമ്പ് പഞ്ചായത്തിലെ തോൽവിയാണ് സംഘർഷത്തിന് കാരണമായത്. ടൗണിലെ ആഹ്ലാദപ്രകടനത്തിനിടെ പോലീസ് ലാത്തിവീശി പ്രവർത്തകരെ പിരിച്ചുവിട്ടെങ്കിലും, പിന്നീട് പാർട്ടി കൊടി കൊണ്ട് മുഖംമൂടി ധരിച്ചെത്തിയ സംഘം വടിവാളുമായെത്തി യുഡിഎഫ് പ്രവർത്തകന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറും ബൈക്കും വെട്ടിപ്പൊളിക്കുകയായിരുന്നു. ആളുകൾക്ക് നേരെ വടിവാൾ വീശി ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തിൽ പ്രദേശത്ത് കനത്ത പോലീസ് സുരക്ഷ തുടരുകയാണ്.



വളരെ പുതിയ വളരെ പഴയ