മൊകേരി: കണ്ണൂർ ജില്ലയിലെ പാനൂരിനടുത്ത് മൊകേരി പഞ്ചായത്തിലെ ഏഴാം വാർഡ് എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന റുക്‌സാന പുഴുതുന്നിയിലിന്റെ വീടിന് നേരെ ആക്രമണം. ശനിയാഴ്ച അർദ്ധരാത്രിയോടെയാണ് ഒരു സംഘം മുസ്ലിം ലീഗ് പ്രവർത്തകർ വീടിന് നേരെ ആക്രമണം നടത്തിയതെന്ന് പരാതിയിൽ പറയുന്നു.
ആക്രമണത്തിൽ റുക്‌സാനയുടെ വീടിന്റെ ജനാലുകൾ പൂർണ്ണമായും തകർന്നു. കൂടാതെ മുറ്റത്ത് നിർത്തിയിട്ടിരുന്ന ഇരുചക്രവാഹനത്തിനും കാര്യമായ നാശനഷ്ടം സംഭവിച്ചു.
പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായി റുക്‌സാന മത്സരിക്കാൻ തീരുമാനിച്ചതുമുതൽ മുസ്ലിം ലീഗിന്റെ ഭാഗത്തുനിന്ന് നിരന്തരമായ ഭീഷണികൾ നേരിട്ടിരുന്നതായി കുടുംബം പറയുന്നു.
സംഭവമറിഞ്ഞ് പാനൂർ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.
/