പാനൂർ :പാനൂർ നഗരസഭ പരിധിയിലെ കരിയാട്, പെരിങ്ങത്തൂർ മേഖലകളിൽ ജില്ലാ എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് നടത്തിയ മിന്നൽ പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. രണ്ട് ഹോട്ടലുകൾ ഉൾപ്പെടെ അഞ്ച് സ്ഥാപനങ്ങൾക്ക് പിഴ ചുമത്തിയതായി അധികൃതർ അറിയിച്ചു.
നിരോധിത ഫ്ലെക്സ് പ്രിന്റിംഗ് നടത്തിയതിന്റെ പേരിൽ എ.ആർ. ഡിജിറ്റൽ എന്ന സ്ഥാപനത്തിന് 10,000 രൂപ പിഴ ചുമത്തി. ജൈവ–അജൈവ മാലിന്യങ്ങൾ തരംതിരിക്കാതെ കൂട്ടിയിട്ടെന്നാരോപിച്ച് പെരിങ്ങത്തൂരിലെ എ.ബി.ആർ. റെസ്റ്റോറന്റ്ക്കും സാഗർ റെസ്റ്റോറന്റ്ക്കും 5,000 രൂപ വീതവും പിഴയിട്ടു.
നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകൾ ഉപയോഗിച്ചതായി കണ്ടെത്തിയ കരിയാട് മിറാൻ ബേക്സ്നും ഒലിവ് കാറ്ററിംഗ്നും 10,000 രൂപ വീതം പിഴ ചുമത്തിയതായി ജില്ലാ എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് അറിയിച്ചു.
നിരോധിത ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്ന വാഹനങ്ങളുടെ രജിസ്ട്രേഷൻ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ 9446 700 800 എന്ന നമ്പറിലേക്ക് വാട്സ്ആപ്പ് ചെയ്യണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാർ കണ്ടെത്തിയാൽ പിഴത്തുകയുടെ 25 ശതമാനം വിവരമറിയിച്ചവർക്കു പാരിതോഷികമായി നൽകും.
പരിശോധനയിൽ ജില്ലാ എൻഫോഴ്സ്മെന്റ് സ്‌ക്വാഡിനൊപ്പം പാനൂർ നഗരസഭ ആരോഗ്യവിഭാഗം ജീവനക്കാരും പങ്കെടുത്തു
