പെരിങ്ങത്തൂർ : ഉളിയിൽ നരയംപാറ പെട്രോൾ പമ്പിന് മുൻവശം ബൈക്ക് വൈദ്യുതി തൂണിലിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ പൊള്ളലേറ്റ യുവാവ് മരണപ്പെട്ടു. പെരിങ്ങത്തൂർ പുളിയനമ്പ്രം സ്വദേശി മുഹമ്മദ് തസ്ലിം (26) ആണ് മരണപ്പെട്ടത്.
വ്യാഴാഴ്ച രാവിലെ 8.30 ഓടെയായിരുന്നു അപകടം. തസ്ലിം സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുതി തൂണിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് തൊട്ടടുത്ത ഡ്രൈനേജിലേക്ക് വീഴുകയും ഉടൻ തന്നെ തീപിടിക്കുകയും ചെയ്തു. ഡ്രൈനേജിനും ബൈക്കിനുമിടയിൽ കുടുങ്ങിപ്പോയ തസ്ലിമിന് എഴുന്നേൽക്കാൻ സാധിച്ചില്ല.
ബൈക്ക് പൂർണ്ണമായും കത്തിനശിച്ച അപകടത്തിൽ തസ്ലിമിന് ശരീരമാസകലം ഗുരുതരമായി പൊള്ളലേറ്റിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ഉടൻ തന്നെ ഇദ്ദേഹത്തെ കണ്ണൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
