ചൊക്ലി: കണ്ണൂരിൽനിന്ന് കാണാതായിരുന്ന യുഡിഎഫ് സ്ഥാനാർത്ഥി ടി.പി. അറുവ തിരിച്ചെത്തി. ചൊക്ലി പൊലീസ് സ്റ്റേഷനിലാണ് അറുവയും കൂടെയുണ്ടായിരുന്ന യുവാവും ഹാജരായത്. മകൾ ഒരു ബിജെപി പ്രവർത്തകനൊപ്പം പോയെന്നായിരുന്നു അറുവയുടെ മാതാവ് നൽകിയ പരാതിയിലെ ആരോപണം.
ചൊക്ലി ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായ അറുവ ശനിയാഴ്ച രാവിലെ വീട്ടിൽ നിന്നിറങ്ങിയതിനു ശേഷം കാണാതായിരുന്നു. ഫോൺ ബന്ധം ലഭിക്കാത്ത സാഹചര്യത്തിൽ മാതാവ് ചൊക്ലി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഒരു ബിജെപി പ്രവർത്തകനൊപ്പം മകളെ കണ്ടതായി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് എഫ്‌ഐആർ തയ്യാറാക്കിയത്.
ഇതിനിടെയാണ് ഇന്ന് വൈകിട്ട് അറുവയും കൂടെയുണ്ടായിരുന്ന യുവാവും സ്റ്റേഷനിൽ എത്തിയത്. തുടർന്ന് ഇരുവരെയും പൊലീസ് കോടതിയിൽ ഹാജരാക്കി. സ്ഥാനാർത്ഥി കാണാതായതോടെ യുഡിഎഫ് പ്രവർത്തകർ വലിയ ആശങ്കയിലായിരുന്നു. വ്യാഴാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പിന് മുമ്പ് സ്ഥാനാർത്ഥിയില്ലാതെ പ്രചാരണത്തിന് നേരിട്ട അനിശ്ചിതത്വവും യുഡിഎഫിന് തലവേദനയായിരുന്നു. ഇന്നത്തെ കൊട്ടിക്കലാശത്തിലും അറുവ പങ്കെടുത്തിരുന്നില്ല.
അതേസമയം, സ്ഥാനാർത്ഥിയെ സിപിഐ(എം) തട്ടിക്കൊണ്ടപോയീ എന്ന പ്രാദേശിക യുഡിഎഫ് നേതാക്കളുടെ ആരോപണം സിപിഐ(എം) തള്ളിയിരുന്നു.
Permalink:
