Zygo-Ad

പാനൂർ നഗരസഭ സെക്രട്ടറിക്കെതിരെ നടപടി ആവശ്യപ്പെട്ട് സി.പി.ഐ.എം

 


പാനൂർ: നഗരസഭയിലെ വോട്ടർ പട്ടികയിൽ വ്യാപകമായ ക്രമക്കേടുകൾ നടന്നതിന്റെ പശ്ചാത്തലത്തിൽ നഗരസഭാ സെക്രട്ടറിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ.എം ഏരിയ കമ്മിറ്റി പ്രസ്താവന പുറത്തിറക്കി.

വാർഡ് പുനർനിർണയ വ്യവസ്ഥകളും മാനദണ്ഡങ്ങളും അട്ടിമറിച്ചാണ് അന്തിമ വോട്ടർ പട്ടിക തയ്യാറാക്കിയതെന്ന് പ്രസ്താവനയിൽ ആരോപിക്കുന്നു. കോൺഗ്രസിന് അനുകൂലമായി സെക്രട്ടറിയെ ഉപയോഗിച്ച് വോട്ടർ പട്ടികയിൽ വ്യാപകമായ അട്ടിമറി നടന്നതായും ഏരിയ കമ്മിറ്റി ആരോപിച്ചു.

കോൺഗ്രസിന്റെ വിജയത്തിന് അനുകൂലമായ രീതിയിൽ ഡീ-ലിമിറ്റേഷൻ കമ്മീഷൻ അംഗീകരിച്ച വാർഡ് അതിർത്തികൾ മാറ്റി മറ്റു വാർഡുകളിൽ നിന്നുള്ള വോട്ടുകൾ ക്രമവിരുദ്ധമായി ചേർത്തുവെന്നതാണ് ആരോപണം. ഇതിനെതിരെ എൽ.ഡി.എഫ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടറും അന്വേഷണത്തിന് നിർദേശം നൽകിയിരുന്നു.

തദ്ദേശ വകുപ്പിന്റെ അന്വേഷണത്തിൽ എൽ.ഡി.എഫിന്റെ പരാതികൾ ശരിയാണെന്ന് കണ്ടെത്തിയതായും, അനധികൃതമായി ഉൾപ്പെടുത്തിയ വോട്ടുകൾ നീക്കം ചെയ്ത് ഡീ-ലിമിറ്റേഷൻ കമ്മീഷൻ നിശ്ചയിച്ച അതിർത്തിപ്രകാരം പട്ടിക ക്രമപ്പെടുത്തണമെന്ന് ജോയിന്റ് ഡയറക്ടർ നിർദേശം നൽകിയതായും പ്രസ്താവനയിൽ പറയുന്നു.

എന്നാൽ, അന്വേഷണ റിപ്പോർട്ടുകൾ പ്രകാരം ചില വാർഡുകളിൽ മാത്രമാണ് പ്രശ്നങ്ങൾ പരിഹരിച്ചത്. കോൺഗ്രസിന്റെ വാർഡുകളിലെ ക്രമക്കേടുകൾ ചെയർമാന്റെ പ്രത്യേക താൽപര്യപ്രകാരം സെക്രട്ടറിയുടെ സഹകരണത്തോടെ തുടർന്നുവെന്ന് സി.പി.ഐ.എം ആരോപിച്ചു.

തികച്ചും പക്ഷപാതപരവും നിയമവിരുദ്ധവും രാഷ്ട്രീയ പ്രേരിതവുമായാണ് നഗരസഭ സെക്രട്ടറി പ്രവർത്തിച്ചതെന്നും, കോൺഗ്രസിന് വേണ്ടി വഴിവിട്ട നടപടികൾ സ്വീകരിച്ചിരിക്കുന്നതിനാൽ അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോടും ജില്ലാ കലക്ടറോടും സി.പി.ഐ.എം ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.

വളരെ പുതിയ വളരെ പഴയ