Zygo-Ad

മൊകേരി സ്വദേശിനി ഡോ. എൻ.കെ. രേണുകയ്ക്ക് അഡ്വാൻസ്ഡ് മെറ്റീരിയൽസ് ഇന്നൊവേഷൻ അവാർഡ്

 


കാലിക്കറ്റ് സർവകലാശാലാ രസതന്ത്ര വിഭാഗം പ്രൊഫസർ ഡോ. എൻ.കെ. രേണുക ഈ വർഷത്തെ അഡ്വാൻസ്ഡ് മെറ്റീരിയൽസ് ഇന്നൊവേഷൻ അവാർഡ് കരസ്ഥമാക്കി. സ്വീഡൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘടനയായ ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് അഡ്വാൻസ്ഡ് മെറ്റീരിയൽസ് ഏർപ്പെടുത്തിയ പുരസ്കാരമാണിത്. ശാസ്ത്ര സാങ്കേതിക മുന്നേറ്റങ്ങളെ സുസ്ഥിരവികസനത്തിന് വേണ്ടി ഫലപ്രദമായി ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സംഘടനയാണ് ഐ.എ.എ.എം. നാനോമെറ്റീരിയൽസ് ആന്റ് നാനോടെക്‌നോളജി മേഖലയിലെ ശ്രദ്ധേയവും നൂതനവുമായ ഗവേഷണ സംഭവനകൾക്കാണ് ഡോ. രേണുകയ്ക്ക് ഈ അംഗീകാരം ലഭിച്ചത്. സ്റ്റോക്ക്ഹോമിൽ നടന്ന 65-ാമത് അഡ്വാൻസ്ഡ് മെറ്റീരിയൽസ് കോൺഗ്രസിലാണ് അവാർഡ് ദാനം നടന്നത്. നാനോ മെറ്റീരിയലുകളെ ആസ്പദമാക്കി ഗവേഷണം നടത്തുന്ന ഡോ. രേണുകയും ഗവേഷക വിദ്യാർഥിനി ടി.പി. അമൃതയും ഉൾപ്പെടുന്ന സംഘം മലിനീകാരിയായ മെർക്കുറി അയോണുകളെ ജലത്തിൽ നിന്ന് ഫലപ്രദമായി നീക്കം ചെയ്യുവാനും സുരക്ഷിതമായി സംഭരിക്കാനുമുള്ള ഒരു മാർഗം ഈയിടെ വികസിപ്പിക്കുകയുണ്ടായി. ഗ്രാഫീൻ ഓക്‌സൈഡ് ക്വാണ്ടം ഡോട്ടുകൾ ഉപയോഗിച്ച് മെർക്കുറി അയോണുകളെ ഖരരൂപത്തിലാക്കിയാണ് ഇത് സാധ്യമാക്കിയത്. ഗ്രാഫീൻ പാളികൾക്കിടയിലെ വാൻഡർവാൾ മർദ്ദം ഉപയോഗിച്ചാണ് സാധാരണരീതിയിൽ ദ്രവരൂപത്തിൽ സ്ഥിതിചെയ്യുന്ന ഈ ലോഹമൂലകത്തിനെ ഇവർ ഖരവത്കരിച്ചത്. ഈ ഗവേഷണഫലം റോയൽ സൊസൈറ്റി ഓഫ് കെമിസ്ട്രിയുടെ നാനോസ്കെയിൽ എന്ന ജേണലിൽ അടുത്തിടെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. കണ്ണൂർ ജില്ലയിലെ മൊകേരിയിലെ പരേതനായ             നീറോളി

ബാലൻ നായരുടെയും ജാനകിയുടെയും മകളാണ് ഡോ. രേണുക.

വളരെ പുതിയ വളരെ പഴയ