ചെണ്ടയാട്-ചെറുവാഞ്ചേരി റോഡിലെ രണ്ടര പീടികയ്ക്ക് സമീപം റോഡിന്റെ നടുവിൽ ഉറവുവെള്ളം കയറുന്നതോടെ രൂപപ്പെട്ട വലിയ കുഴികൾ അപകടങ്ങൾക്ക് വഴിവച്ചിരിക്കുകയാണ്. റോഡിൽ നിറയുന്ന ഉറവുവെള്ളം കാരണം, പ്രത്യേകിച്ച് അപരിചിതരായ യാത്രക്കാർ നിയന്ത്രണം വിട്ട് അപകടത്തിൽപ്പെടുന്ന സംഭവങ്ങൾ വ്യാപക വിമർശനങ്ങൾക്ക് ഇടയാക്കി.
റോഡിൽ മെക്കാഡം താറിങ്ങ് നടത്തുമ്പോൾ, ഉറവൊഴുക്ക് തടയാൻ കലുങ്ക് നിർമിക്കണമെന്ന നാട്ടുകാരുടെ ആവശ്യം അവഗണിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. മഴക്കാലമായതോടെ ഗർത്തം കൂടി വലുതായി, അപകടങ്ങൾ തുടർക്കഥയായി മാറുകയാണ്.
വാർഡ് മെമ്പറും നാട്ടുകാരും യൂത്ത് കോൺഗ്രസും പലവട്ടം പരാതി ഉന്നയിച്ചിട്ടും നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നത് വലിയ പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്. വലിയൊരു അപകടം ഉണ്ടാകുന്നതിന് മുൻപ് അടിയന്തരമായി കലുങ്ക് നിർമിച്ച് പ്രശ്നം പരിഹരിക്കണമെന്ന് പാനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ.പി. രാമചന്ദ്രൻ മാസ്റ്റർ ആവശ്യപ്പെട്ടു.
യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ കുഴിയിൽ വാഴ നട്ട് നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.