പെരിങ്ങത്തൂർ : കഴിഞ്ഞദിവസം പെരിങ്ങത്തൂരിൽ സ്വകാര്യ ബസ് കണ്ടക്ടറെ സംഘം ചേർന്ന് മർദിച്ചതിൽ ഒരാളെ ചൊക്ളി പോലീസ് അറസ്റ്റ് ചെയ്തു. വാണിമേൽ കൊടിയൂറ സ്വദേശി കെ.പി.സൂരജ് (30) ആണ് അറസ്റ്റിലായത്.
ബസുകൾ ഓടിയില്ല:
കണ്ടക്ടറെ മർദിച്ചതിൽ പ്രതിഷേധിച്ച് ബസ് ജീവനക്കാർ സർവീസ് നിർത്തിവെച്ചു. തലശ്ശേരി-തൊട്ടിൽപ്പാലം റൂട്ടിലാണ് ബസുകൾ ഓട്ടം നിർത്തിയത്. സമരത്തെ തുടർന്ന് യാത്രക്കാർ ഏറെ ബുദ്ധിമുട്ടി. അപ്രതീക്ഷിത പണിമുടക്ക് വിദ്യാർഥികളെയും ബാധിച്ചു. പ്രതികളെ അറസ്റ്റ് ചെയ്തില്ലെങ്കിൽ 31 മുതൽ അനിശ്ചിതകാല സമരം ചെയ്യുമെന്ന് ഒരു വിഭാഗം ബസ് ജീവനക്കാരും ഉടമകളും നേരത്തേ അറിയിച്ചിരുന്നു.വ്യാഴാഴ്ച വടകര-തൊട്ടിൽപ്പാലം റൂട്ടിലേക്കും പണിമുടക്ക് വ്യാപിപ്പിക്കുമെന്നാണറിയുന്നത്. കഴിഞ്ഞ ദിവസം തലശ്ശേരി-പെരിങ്ങത്തൂർ-കുറ്റ്യാടി-തൊട്ടിൽപ്പാലം റൂട്ടിൽ സർവീസ് നടത്തുന്ന ജഗന്നാഥ് ബസിലെ കണ്ടക്ടർ ഇരിങ്ങണ്ണൂർ സ്വദേശി കുതിരാടത്ത് വിഷ്ണുവിനാണ് മർദനമേറ്റത്. സംഭവത്തിൽ ചൊക്ലി പോലീസ് വിവിധ വകുപ്പുകൾ ചേർത്ത് ഏഴുപേർക്കെതിരേ കേസെടുത്തിരുന്നു.