കാർ വാങ്ങാമെന്ന് പറഞ്ഞ് ട്രയൽ റണിനായി കൊണ്ടുപോയ കാർ ഉടമയ്ക്ക് തിരിച്ചു നൽകാതെ വഞ്ചിച്ച കേസിൽ പ്രതിയായ പാനൂർ സ്വദേശിയെ കരിപ്പൂർ വിമാനത്താവളത്തിൽ വെച്ച് ചൊക്ലി പൊലീസ് പിടികൂടി.
പാനൂർ പോലീസ് സ്റ്റേഷന് സമീപം ചിരിമുക്കിൽ വെള്ളം പൊടിച്ചീൻ്റവിട റുഷൈദി(34) നെയാണ് ചൊക്ലി പൊലീസ് ഗൾഫിൽ നിന്നും നാട്ടിലേക്കുള്ള യാത്രയിൽ കരിപ്പൂർ വിമാനത്താവളത്തിൽ വെച്ച് പിടികൂടിയത്.
2023 മെയ് 7 നാണ് കേസിനാസ്പദമായ സംഭവം. കെ എൽ 58 എബി 4371 നമ്പർ കാർ ഉടമയായ ഒളവിലം സ്വദേശി തലക്കാപുറത്ത് ആദർശിൽ നിന്നും വിലയ്ക്ക് ആവശ്യമുണ്ടെന്ന് പറഞ്ഞ് മൂന്നാം പ്രതി റുഷൈദും മറ്റ് രണ്ട് പ്രതികളും ട്രയൽ റണിനായി കൊണ്ടുപോയ കാർ തിരിച്ചു നൽകിയില്ല.
തിരികെ കാർ നൽകണമെങ്കിൽ ഒരു ലക്ഷം രൂപ തരണമെന്ന് പ്രതികൾ ആവശ്യപ്പെടുകയും 95000രൂപ ഒന്നാം പ്രതി അഫ്രീദിൻ്റെ അക്കൗണ്ടിൽ നിക്ഷേപിക്കുകയും ചെയ്തു. എന്നിട്ടും കാർ നൽകാതെ വിശ്വാസവഞ്ചന ചെയ്തതിനാണ് ചൊക്ലി പൊലീസിൽ പരാതി നൽകിയത്.
ചിറക്കരയിലെ തറമ്മൽ അഫ്രീദ് ടി എസ് (27) ചെറിയ പറമ്പത്ത് ദർവിഷ് അഫ്രീദ് (24) എന്നിവരാണ് മറ്റ് പ്രതികൾ. ഇതിൽ രണ്ടാം പ്രതി ദർവിഷ് നേരത്തെ അറസ്റ്റിലായിരുന്നു. ഒന്നാം പ്രതി അഫ്രീദ് ടി.എസ് ഒളിലവിലാണ് .