പാനൂർ : തിങ്കളാഴ്ച വൈകിട്ട് പെയ്ത കനത്ത മഴയിൽ ടൗണിലെ ഓവുചാലുകളിൽനിന്ന് ഒഴുകിയെത്തിയ വെള്ളം വ്യാപാരികൾക്ക് ദുരിതമായി. കൂത്തുപറമ്പ് റോഡിലെ കടകളാണ് ദുരിതത്തിലായത്. ആറ് കടകളിൽ വെള്ളം കയറിയതായി വ്യാപാരികൾ പറഞ്ഞു. ഏതാനും സമയം കടകൾ അടച്ചിടേണ്ട സ്ഥിതിയുണ്ടായി. ഓവുചാൽ വൃത്തിയാക്കുന്നതുൾപ്പെടെയുള്ള മഴക്കാലപൂർവ ശുചീകരണം നടത്താത്തതാണ് വെള്ളം ഇരച്ചെത്താൻ കാരണമെന്ന് വ്യാപാരികൾ പറഞ്ഞു.
പാനൂർ-ചമ്പാട് റോഡിൽ ഓവുപാലത്തിന്റെ കൈവരി തകർന്നത് കാരണം റോഡിൽ വെള്ളക്കെട്ടുണ്ടായി.പാനൂർ ടൗണിലെ ഓടകൾ വൃത്തിയാക്കിയിട്ട് വർഷങ്ങളായെന്ന് ഒന്നാം വാർഡ് കൗൺസിലർ പി.കെ.പ്രവീൺ കുറ്റപ്പെടുത്തി. ഇതിൽ മണ്ണും മറ്റും അടിഞ്ഞുകൂടിയിരിക്കുന്ന സ്ഥിതിയാണ്. അതിനാൽ ഒഴുക്ക് തടസ്സപ്പെടുന്നു. ഇതാണ് ഒറ്റമഴയിൽത്തന്നെ വെള്ളം പുറത്തേക്കൊഴുകാൻ കാരണം- അദ്ദേഹം പറഞ്ഞു.