പാനൂർ: പാനൂരിൽ കഴിഞ്ഞ ദിവസമുണ്ടായ പൊലീസ് സ്റ്റേഷൻ ഉപരോധത്തിൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ടും, നഗരസഭാ ചെയർമാനുമായ കെ.പി ഹാഷിം ഉൾപ്പടെ 35 പേർക്കെതിരെ കേസെടുത്തു.
നേരത്തെ കോൺഗ്രസ് ഓഫീസിൽ അതിക്രമിച്ച് കയറി കൊടി കത്തിച്ച എസ്.എഫ്.ഐ - പ്രവർത്തകരായ 10 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
പാനൂർ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തുകയായിരുന്ന എസ്.എഫ്.ഐ പ്രവർത്തകർ ബ്ലോക്ക് കോൺഗ്രസ് ഓഫിസിലെത്തി പാർട്ടി പതാകകൾ കൊണ്ടുപോയി നടുറോഡിലിട്ട് കത്തിച്ചതോടെയാണ് സംഘർഷാവസ്ഥ ഉണ്ടായത്.
സംഭവത്തിൽ പ്രതിഷേധിച്ച് പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തുകയും, ഉപരോധിക്കുകയും ചെയ്ത സംഭവത്തിൽ പാനൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റും, നഗരസഭാ ചെയർമാനുമായ കെ.പി ഹാഷിം ഉൾപ്പടെ 35ഓളം പേർക്കെതിരെ പാനൂർ പൊലീസ് കേസെടുത്തു.
പാർട്ടി പതാക പരസ്യമായി കത്തിച്ച എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് പാനൂർ പൊലീസ് സ്റ്റേഷനിലേക്ക് വ്യാഴാഴ്ച രാത്രിയാണ് പ്രവർത്തകർ പ്രകടനമായെത്തിയത്. ഇത് അല്പനേരം സംഘർഷത്തിനിടയാക്കി. തുടർന്ന്
പ്രവർത്തകർ മുറ്റത്ത് കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. അര മണിക്കൂറോളം സ്‌റ്റേഷനിൽ സംഘർഷാവസ്‌ഥയായിരുന്നു. കോൺഗ്രസ് പതാക കത്തിക്കുന്ന വിഡിയോ ദൃശ്യം പുറത്തു വന്നിട്ടും പൊലീസ് കേസെടുക്കാൻ തയാറാകാത്തതാണ്
പ്രവർത്തകരെ ചൊടിപ്പിച്ചത്. കേസെടുക്കാതെ പിരിഞ്ഞു പോകില്ലെന്ന നിലപാടുമായി പ്രവർത്തകരും നേതാക്കളും സ്‌റ്റേഷനിൽ തന്നെ നിന്നു. തുടർന്ന്
എസ്.എഫ്.ഐ പ്രവർത്തകർ ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് ഉറപ്പു നൽകിയതിൻ്റെ അടിസ്ഥാനത്തിൽ പ്രവർത്തകർ 10.30ന് പിരിഞ്ഞു പോയി.
യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് വി. കെ ഷിബിന, നിയോജക മണ്ഡലം പ്രസിഡന്റ് പി.രാഹുൽ,
കെ.എസ് യു ജില്ലാ പ്രസിഡന്റ് എം.സി. അതുൽ, ഒ.ടി.നവാസ് ബ്ലോക്ക് കോൺഗ്രസ് നേതാക്കളായ സി.വി.എ.ജലീൽ, സി.കെ.രവി, തേജസ് മുകുന്ദ് എന്നിവർക്കെതിരെയും കേസുണ്ട്. എസ് എഫ് ഐ പ്രവർത്തകരായ 10 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.