ചെണ്ടയാട്: കുനുമ്മലിൽ സ്വകാര്യ വ്യക്തി ഏക്കർ കണക്കിന് വയൽ മണ്ണിട്ട് നികത്തുന്നു.ശക്തമായ പ്രതിഷേധത്തിനൊരുങ്ങി നാട്ടുകാർ
പാനൂരിനടുത്ത് ചെണ്ടയാട് കുനുമ്മലിൽ ഏക്കർ കണക്കിന് വയൽ മണ്ണിട്ട് നികത്തുന്നു. ഒരാഴ്ചയിലധികമായി നിയമം കാറ്റിൽ പറത്തിയാണ് പട്ടാപകൽ ഏക്കർ കണക്കിന് വയലുകൾ മണ്ണിട്ട് നികത്തുന്നത്.
മണ്ണ് മാഫിയ സംഘമാണ് ഇതിനാവശ്യമായ ഒത്താശ ചെയ്തു കൊടുക്കുന്നത്. ഈ പ്രദേശത്ത് ശേഷിച്ച വയൽ ഭൂമിയാണ് കച്ചവട ലാഭം ലക്ഷ്യം വെച്ച് മാഫിയകളുടെ നേതൃത്വത്തിൽ മണ്ണിട്ട് നികത്തുന്നത്.
റവന്യൂ വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ മൗന സമ്മതവും ഈ നികത്തലിനുള്ളതായി ആക്ഷേപമുണ്ട്. വയൽ നികത്തുന്നതിനെതിരെ കർശന നിലപാടെടുക്കാൻ സർക്കാർ നിദ്ദേശം നൽകിയിരിക്കെയാണ് റോഡിന് സമീപത്തെ ഈ വയലുകൾ നികത്തുന്നത്.
കൂടാതെ ഈ വയലിന് സമീപത്തെ തോട് ഭാഗം നികത്തി മതിൽ കെട്ടിയിട്ടുള്ളതായി നാട്ടുകാർ പരാതിപ്പെടുന്നു. തോടിൻ്റെ പകുതി ഭാഗത്ത് നിന്നും മതിൽ കെട്ടിയിട്ടുണ്ട്. ദിവസങ്ങളോളം പരസ്യ മായ നിയമ ലംഘനം നടന്നിട്ടും അറിഞ്ഞില്ലെന്നാണ് പുത്തൂർ വില്ലേജ് ഓഫീസർ പറയുന്നത്.
വയൽ നികത്തിയവർക്ക് സ്റ്റോപ്പ് മെമ്മോ നൽകിയതായും തുടർ നടപടികൾക്കായി സബ് കലക്ടർക്ക് റിപ്പോർട്ട് കൈമാറിയതായും വില്ലേജ് ഓഫീസർ പറഞ്ഞു.