Zygo-Ad

മൊകേരിയെ കണ്ണീരിലാഴ്ത്തി ആദിദേവ്: ഊട്ടിയില്‍ പൈൻ മരം ദേഹത്ത് വീണ് മരണപ്പെട്ട 15കാരന് ഇന്ന് വിട നൽകും

 




കുറ്റ്യാടി (മൊകേരി): ഊട്ടിയില്‍ പൈൻ മരം ദേഹത്ത് വീണ് മരിച്ച കുറ്റ്യാടി സ്വദേശിയായ ആദിദേവിന് ഇന്ന് നാട് വിട നൽകും.

പൊതുദർശനത്തിനു ശേഷം ഇന്ന് രാവിലെ ഒമ്പത് മണിയോടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിക്കും.

അവധിക്കാലമാഘോഷിക്കാൻ കുറ്റ്യാടിയില്‍ നിന്നും ഊട്ടിയിലേക്ക് വിനോദ യാത്രയ്ക്കെത്തിയതായിരുന്നു കുടുംബം. ഊട്ടി-ഗുഡല്ലൂർ ദേശീയപാതയിലെ ട്രീ പാർക്ക് ടൂറിസ്റ്റ് സെന്‍ററില്‍ വൈകീട്ട് മൂന്നു മണിയോടെയാണ് അപകടമുണ്ടായത്.

കുറ്റ്യാടി മൊകേരി കോവുക്കുന്നിലെ ഒന്തംപറമ്പത്ത് പ്രസീതിന്റെയും രേഖയുടെയും മകൻ ആദിദേവ് (15) ആണ് മരിച്ചത്. കുറ്റ്യാടി ഭാഗത്തു നിന്ന് പതിനാല് പേരടങ്ങിയ സംഘമാണ് ഊട്ടിയിലേക്ക് എത്തിയത്. ധാരാളം മരങ്ങളുള്ള സ്ഥലമായ ഗൂഡല്ലൂരിലേക്കുള്ള റോഡിലെ ട്രീ പാർക്ക് ഭാഗത്ത് ചുറ്റി നടക്കുമ്പോള്‍ ആദിദേവിന്‍റെ തലയില്‍ പൊടുന്നനെ പൈൻമരം വീഴുകയായിരുന്നു.

പരിക്കേറ്റ ആദിദേവ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. പൊലീസും വനംവകുപ്പും സ്ഥലത്തെത്തിയാണ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഊട്ടി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.

വൈകുന്നേരം ആറു മണിക്ക് പോസ്റ്റ് മോർട്ടം പൂർത്തിയാക്കിയ മൃതദേഹം ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ മൊകേരിയിലെ വീട്ടില്‍ എത്തിച്ചു.

വട്ടോളി സംസ്കൃതം ഹൈസ്കൂള്‍ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് ആദിദേവ്. അച്ഛൻ പ്രസീദ് കണ്‍സ്യൂമർ ഫെഡില്‍ നീതി മെഡിക്കല്‍സ് വെയർഹൗസ് മാനേജറാണ്.

വളരെ പുതിയ വളരെ പഴയ