Zygo-Ad

പാനൂരില്‍ ക്വാറിക്കെതിരെയുള്ള സമരം തുടരുന്നു; ലോറി ത‌ടഞ്ഞ് തകര്‍ത്തു


പാനൂർ: ക്വാറി ക്രഷർ മേഖല‍യില്‍ സബ് കളക്ടറുടെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തിലെ ഒത്തുതീർപ്പ് വ്യവസ്ഥകള്‍ ക്വാറി ഉടമകള്‍ അട്ടിമറിക്കുകയാണെന്നാരോപിച്ച്‌ പാനൂർ മേഖലയില്‍ സംയുക്ത രാഷ്‌ട്രീയ പാർട്ടികളുടെ നേതൃത്വത്തില്‍ നടത്തി വരുന്ന സമരം ശക്തമാക്കി.

നിബന്ധനകള്‍ പാലിക്കുന്നില്ലെന്ന് കാണിച്ച്‌ സമരസമിതി ക്രഷർ ഉത്പന്നവുമായി പോകുന്ന ലോറി തടഞ്ഞ് കൊടികുത്തി.

പാനൂർ കല്ലുവളപ്പിലെ പാനൂർ സ്റ്റോണ്‍ ക്രഷറിന് മുന്നില്‍ സമര സമിതിയുടെ നേതൃത്വത്തില്‍ വാഹനം തടഞ്ഞത്. സമരക്കാർ വാഹനം തടഞ്ഞുവച്ച്‌ തകർത്തതായി ക്വാറി ഉടമ ആരോപിച്ചു. 

സംഭവത്തില്‍ ബിജെപി നേതാവിനെതിരെ പോലീസ് കേസെടുത്തു. മനോജ് പൊയിലൂരിനെതിരെയാണ് കേസ്. ക്വാറി ഉടമ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.

ജില്ലാ ഭരണകൂടം നിർദേശിച്ചതിലും കൂടുതല്‍ തുക ഈടാക്കുന്നതായി ആരോപിച്ചാണ് സമര സമിതി സമരം നടത്തുന്നത്. എന്നാല്‍ ജില്ലാ ഭരണകൂടം നിർദേശിച്ച നിരക്ക് വർധന മാത്രമാണ് തങ്ങള്‍ ഈടാക്കുന്നതെന്ന് ക്രഷർ ക്വാറി ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ് യു. സെയ്ദ് പറഞ്ഞു. പാനൂർ മേഖലയില്‍ സമരത്തെ തുടർന്ന് ക്വറി ക്രഷർ മേഖല സ്തംഭിച്ചിരിക്കുകയാണ്.

നാളെ ജില്ലയില്‍ ക്വാറി, ക്രഷർ അ‌ടച്ചിട്ട് പ്രതിഷേധം

കണ്ണൂർ: പാനൂർ മേഖലയില്‍ സംയുക്ത രാഷ്ട്രീയ പാർട്ടികള്‍ അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ച്‌ ഒരു ക്രഷർ യൂണിറ്റിന്‍റെ പ്രവർത്തനം ത‌ടഞ്ഞതിലും വാഹനം കേടുവരുത്തുകയും ചെയ്തതില്‍ പ്രതിഷേധിച്ച്‌ ഇ.സി. ഹോള്‍ഡേഴ്സ് അസോസിയേഷൻ നാളെ ജില്ലയില്‍ പണിമുടക്ക് നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 

പണിമുടക്കിനോടനുബന്ധിച്ച്‌ നാളെ ജില്ലയിലെ മുഴുവൻ ക്വാറികളില്‍ നിന്നും ക്രഷറുകളില്‍ നിന്നുമുള്ള ഉത്പന്ന വില്‍പനയും നിർത്തി വയ്ക്കും. 

ക്വാറികള്‍ക്കും ക്രഷറുകള്‍ക്കും എതിരെ അക്രമ സമരം തുടരുകയാണെങ്കില്‍ അനിശ്ചിത കാലത്തേക്ക് അടച്ചിടാനും ഇന്നലെ ചേർന്ന അസോസിയേഷന്‍ എക്സിക്യുട്ടീവ് കമ്മിറ്റിയുടെ അടിയന്തര യോഗം തീരുമാനിച്ചാതായി ഭാരവാഹികള്‍ അറിയിച്ചു.

വളരെ പുതിയ വളരെ പഴയ