പെരിങ്ങത്തൂർ : കർഷക കർമസേനയ്ക്കായി വാങ്ങിയ ട്രാക്ടർ വീട്ടുമുറ്റത്ത് തുരുമ്പെടുത്ത് നശിക്കുന്നു. പെരിങ്ങളം കൃഷിഭവൻ വർഷങ്ങൾക്ക് മുമ്പ് ലക്ഷങ്ങൾ ചെലവഴിച്ച് വാങ്ങിയ ട്രാക്ടറാണ് അശ്രദ്ധ കാരണം പ്രവർത്തിപ്പിക്കാതെയിട്ട് തുരുമ്പെടുക്കുന്നത്. പെരിങ്ങളത്തെയും പരിസരത്തെയും കൃഷി ആവശ്യങ്ങൾക്കായി സർക്കാർ ഫണ്ടുപയോഗിച്ച് വാങ്ങിയ ഈ യന്ത്രം നിശ്ചലമായി കിടന്നിട്ടും കൃഷിവകുപ്പിന് അനക്കമില്ല.ഏതാനും മാസങ്ങളെ ഇത് കാർഷികപ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചിട്ടുള്ളൂ. തൊട്ടടുത്ത പ്രദേശത്തെ നെൽപ്പാടങ്ങളിൽപോലും കർഷകർ നേരത്തെ ഈ യന്ത്രം ഉപയോഗിച്ചിരുന്നു. പിന്നീട് യന്ത്രത്തിന് ആവശ്യം വരുമ്പോഴേക്കും പ്രവർത്തനരഹിതമായി .
ട്രാക്ടർ വാങ്ങിക്കുമ്പോഴുള്ള താത്‌കാലിക രജിസ്ട്രേഷൻ നമ്പറാണ് ഇപ്പോഴും യന്ത്രത്തിനുള്ളത്. കാർഷിക കർമസേനാംഗം കൂടിയായ ചെറുപുല്ലൂക്കരയിലെ പി.പി. സുരേഷ് ബാബുവിന്റെ വീട്ടുമുറ്റത്താണ് ട്രാക്ടറിപ്പോൾ.ട്രാക്ടർ പ്രവർത്തനസജ്ജമാക്കി മുറ്റത്തുനിന്ന് മാറ്റണമെന്ന് നിരവധിതവണ പെരിങ്ങളം കൃഷിഭവൻ അധികൃതരോട് ആവശ്യപ്പെട്ടതായി സുരേഷ് ബാബു പറഞ്ഞു.
വർഷങ്ങൾക്ക് മുമ്പ് പ്രവർത്തനം നിലച്ചത് ബാറ്ററിയുടെ തകരാറായിരുന്നു. ചെറിയ തുക ചെലവഴിച്ച് ബാറ്ററി മാറ്റിയിരുന്നെങ്കിൽട്രാക്ടർ ഇങ്ങനെ അനാഥമായി കിടക്കില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വളരെ പഴയ ഫയലുകളാണ് ഇതിന്റെതെന്നും പരിശോധിക്കണമെന്നും വേണ്ടത് ചെയ്യാമെന്നുമാണ് ഇത് സംബന്ധിച്ച് പെരിങ്ങളം കൃഷി ഭവൻ അധികൃതർ പറയുന്നത്.