Zygo-Ad

"കർഷക മികവ് നേരിൽ കാണാൻ കൃഷിയിടത്തിലേക്ക്" വാർഡ് മെമ്പറുടെ കൃഷി സന്ദർശന പരിപാടി


കണ്ണങ്കോട്: കുന്നോത്ത്പറമ്പ് ഗ്രാമ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ മെമ്പർ ഫൈസൽ കൂലോത്ത് ഇനിഷ്യേറ്റീവ് കൃഷി വികസന പദ്ധതിയുടെ ഭാഗമായി തുടക്കം കുറിച്ച മഞ്ഞൾ സീഡ് ഗ്രാമം പദ്ധതിയുടെ തുടർച്ചയായി "കർഷക മികവ് നേരിൽ കാണാൻ കൃഷിയിടത്തിലേക്ക്" എന്ന പേരിൽ മാതൃകാ പരമായ കൃഷി സന്ദർശന പരിപാടി സംഘടിപ്പിക്കപ്പെട്ടു.

കൃത്യമായ തുടർ പ്രവർത്തനങ്ങൾ പലപ്പോഴും ഇല്ലാതെ പോകുന്നത് പല കാർഷിക പദ്ധതികളും ലക്ഷ്യം കാണാതിരിക്കാൻ പ്രധാന കാരണങ്ങളിൽ ഒന്നായി മാറുന്ന സാഹചര്യത്തിൽ വാർഡ് മെമ്പർ സംഘടിപ്പിക്കുന്ന കൃഷി സന്ദർശന പരിപാടി ശ്രദ്ധേയമാകുന്നു.

വാർഡ് മെമ്പറുടെ അധ്യക്ഷതയിൽ കർഷകനും മുതിർന്ന പത്രപ്രവർത്തകനും പാനൂർ പ്രസ് ഫോറം പ്രസിഡന്റുമായ ചാത്തു മാസ്റ്റർ കൃഷി സന്ദർശന പരിപാടി ഉദ്ഘാടനം ചെയ്തു.

വികസന പ്രവർത്തനങ്ങളോടൊപ്പം കഴിയാവുന്ന ഇനങ്ങളിൽ എങ്കിലും വാർഡിൽ കാർഷിക സ്വയം പര്യാപ്തത എന്ന ലക്ഷ്യത്തോടെ ഏറെ ശ്രദ്ധിക്കപ്പെടുന്ന കാർഷിക പ്രവർത്തനങ്ങളാണ് കണ്ണങ്കോട് സംഘടിപ്പിക്കപ്പെടുന്നത്.

 കോഴിക്കോടിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ച് സെന്ററിലെ ശാസ്ത്രജ്ഞന്മാരുടെ സഹായത്തോടെ അത്യുൽപാദന ശേഷിയുള്ള ഐ ഐ എസ് ആർ പ്രഗതി, കേദാരം, ആലപ്പി സുപ്രീം, എന്നീ മഞ്ഞൾ ഇനങ്ങളാണ് വാർഡിൽ കൃഷി ഇറക്കിയത്.

2022 മെയ് 21ന് അന്നത്തെ വടകര എം.പി കെ മുരളീധരൻ ആയിരുന്നു പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചത്. ആദ്യ വർഷം തന്നെ ആയിരം കിലോ ഗ്രാമിൽ കൂടുതൽ വാർഡിൽ മഞ്ഞൾ വിളവെടുത്തു.

കർഷകരെ വിവിധ ഗ്രൂപ്പുകളായി തിരിച്ച് വിത്ത് കൈമാറ്റ രീതിയിലാണ് തുടക്കത്തിൽ കൃഷി ആസൂത്രണം ചെയ്തത്. 

കൃഷി കൂടുതൽ പേരിൽ എത്തിക്കാൻ സഹായകമായി അത്യുൽപാദന ശേഷിയുള്ള വിത്ത് ഓരോ കർഷകർക്കും ആവശ്യമുള്ളത്ര കിലോ ഗ്രാം സൗജന്യമായി നൽകുകയും, വിളവെടുത്താൽ നൽകിയ വിത്ത് മറ്റൊരാൾക്ക് കൃഷി ചെയ്യാനായി നൽകുന്നതിനായി കൈമാറുകയും ചെയ്യുന്ന രീതിയിൽ പദ്ധതി ആസൂത്രണം ചെയ്തത് സ്വന്തം ആവശ്യങ്ങൾക്ക് മഞ്ഞൾ സ്വയം പര്യാപ്തത കൈവരിച്ചതിനു ശേഷം, വിത്തും മഞ്ഞൾപൊടിയും അനേകം കർഷകർ വില്പന നടത്തിക്കൊണ്ടിരിക്കുന്നു.

കണ്ണങ്കോട് നിന്നുള്ള വിത്ത് സമീപ വാർഡുകളിലും അയൽ ജില്ലകളിലും കൊണ്ടു പോയി പലരും കൃഷി ചെയ്തു. ക്യാൻസർ പ്രതിരോധ ഘടകം എന്ന് വിശേഷിപ്പിക്കപ്പെടുന്ന കുറുക്കുമിൻ കണ്ടന്റ് കൂടുതലായി അടങ്ങിയ മഞ്ഞൾ ജനങ്ങളുടെ ജൈവ രീതിയിൽ കൃഷി ചെയ്ത വിത്തിനും പൗഡറിനും നല്ല ഡിമാൻഡാണ്.

വാർഡിലെ കാർഷിക പ്രവർത്തനങ്ങൾക്ക് സഹായകമായി കുന്നോത്ത്പറമ്പ് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വാർഡിൽ ആധുനിക ഫ്ലോർമിൽ ഇതിനോടകം സ്ഥാപിച്ചിട്ടുണ്ട്.

വാർഡിൽ ജൈവ കൃഷിയിൽ ഉത്പാദിപ്പിക്കപ്പെടുന്ന മഞ്ഞൾപ്പൊടി ബ്രാൻഡ് ചെയ്തു മാർക്കറ്റിൽ ഇറക്കാനും പദ്ധതിയുണ്ട്.

കാര്യക്ഷമമായി പദ്ധതി മുന്നോട്ടു കൊണ്ടു പോകുന്നതിന്റെ ഭാഗമായാണ് മെമ്പറുടെ നേതൃത്വത്തിൽ നേരിട്ട് വീടുകളിലെത്തി കൃഷി വിലയിരുത്തുന്ന കൃഷി സന്ദർശന പരിപാടി സംഘടിപ്പിക്കപ്പെട്ടത്.

കുട്ടികൾക്കായി കൃഷിയിൽ പ്രത്യേക പദ്ധതികൾ, പിന്നിട്ട വർഷങ്ങളിൽ വിജയകരമായി നടപ്പിലാക്കിയിട്ടുണ്ട്. സ്കൂൾ മുറ്റത്ത് കൃഷിത്തോട്ടം ഒരുക്കിയും, കുട്ടികൾക്കായി എന്റെ വാഴ എന്ന പദ്ധതി നടപ്പിലാക്കിയും, ഇതിനോടകം ശ്രദ്ധേയമാണ് പ്രവർത്തനങ്ങൾ.

ഒരു പക്ഷേ സംസ്ഥാനത്തു തന്നെ ആദ്യമായി കുട്ടികൾക്കായി മഞ്ഞൾ കൃഷി മത്സരം എന്ന വേറിട്ട ആശയം ഉൾപ്പെടെ കണ്ണങ്കോട് നടപ്പിലാക്കി കൊണ്ടിരിക്കുന്നു. കുട്ടികളിൽ കാർഷിക അഭിരുചി വളർത്തുന്ന നിരന്തര പ്രവർത്തനങ്ങൾക്ക് കിട്ടിയ അംഗീകാരമായി തുടർച്ചയായ വർഷങ്ങളിൽ പഞ്ചായത്തിലെ രണ്ട് വിദ്യാർത്ഥി കർഷക അവാർഡുകൾ നേടിയെടുത്തത് പന്ത്രണ്ടാം വാർഡിലെ വിദ്യാർത്ഥി കർഷകരാണ്.

ഇതിനോടകം തന്നെ 7 കർഷക അവാർഡുകൾ പന്ത്രണ്ടാം വാർഡിനെ തേടിയെത്തിയിട്ടുണ്ട്.

റോഡുകൾ, ലൈറ്റുകൾ,അങ്കണവാടിയുടെയും, മറ്റ് പൊതു സ്ഥാപനങ്ങളുടെയും, വികസനം, ജല സംരക്ഷണം, പുഴ സംരക്ഷണം, എന്നീ പ്രവർത്തനങ്ങളോടൊപ്പം തുല്യ പരിഗണന കാർഷിക വികസന പ്രവർത്തനങ്ങൾക്ക് നൽകി വരുന്നു എന്നതാണ് ശ്രദ്ധേയമായി മാറുന്നത്. സന്തുലിത വികസന മാതൃകയിലാണ് ഓരോ വികസന പ്രവർത്തനങ്ങളും വാർഡിൽ നടപ്പിലാക്കുന്നത്.

വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടന പരിപാടി പോലും കാർഷിക സന്തുലിതാവസ്ഥ നില നിർത്തി കൊണ്ടാണ് സംഘടിപ്പിക്കപ്പെടാറുള്ളത്. 

വാർഡിൽ പണി പൂർത്തീകരിച്ച കോൺക്രീറ്റ് റോഡ് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ലത കെ ഉദ്ഘാടനം ചെയ്തപ്പോൾ അതേ വേദിയിൽ മഞ്ഞൾ സീഡ് വിൽപ്പന ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ എൻ അനിൽ കുമാർ നിർവഹിച്ചതും മറ്റ് റോഡ് വികസന പ്രവർത്തനങ്ങളോടൊപ്പം ഓരോ കാർഷിക പരിപാടിയുടെ കൂടെ ഉദ്ഘാടനം സമന്വയിപ്പിച്ച് നടത്തിയ പ്രവർത്തനങ്ങൾ എന്നിവയെല്ലാം വേറിട്ട് നിൽക്കുന്നു.

പഞ്ചായത്തിലെ കർഷക അവാർഡ് ജേതാക്കളായ സി കെ കുഞ്ഞിക്കണ്ണൻ, വത്സൻ കിഴക്കയിൽ, ഉഷ കിഴക്കയിൽ, പ്രസന്ന കിഴക്കയിൽ, മർവ ജെബിൻ പി, എന്നിവരും മുതിർന്ന കർഷകരായ ചന്ദ്രി ഓല്ലോളിൽ, നബീസു പൊതിയെടുത്ത് സതി ബാലകൃഷ്ണൻ, രാഘവൻ കിഴക്കയിൽ എന്നിവർ  മഞ്ഞൾ കൃഷിയുടെ വിജയ അനുഭവങ്ങൾ പങ്കു വച്ചു. 

ടി കെ നാണു, ടി.ടി അസൈനാർ ഹാജി, ടി.കെ ഉസ്മാൻ ഹാജി, വത്സൻ കെ, റിഷാദ് ചാത്തോത്ത് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

വേണുഗോപാൽ, രാഘവൻ കെ, കമല കെ, ചന്ദ്രി കെ, ഷീജ, ഷൈമ, വിഷ്ണു തുടങ്ങിയവർ പങ്കെടുത്തു, മുൻ വാർഡ് മെമ്പർ കെ പി സമീറ സ്വാഗതവും പ്രസന്ന കിഴക്കയിൽ നന്ദിയും രേഖപ്പെടുത്തി.

വളരെ പുതിയ വളരെ പഴയ