പാനൂർ :കുന്നോത്ത്‌പറമ്പ ഗ്രാമ പഞ്ചായത്തിന്റെ പുതിയ ആസ്ഥാന മന്ദിരം പണിയാൻ വേണ്ടിയുള്ള സ്ഥലമെടുപ്പ് സംബന്ധിച്ച് യാതൊരു വിവരവുമില്ലെന്ന് കുന്നോത്ത്‌പറമ്പ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി യുടെ ചുമതല വഹിക്കുന്ന വി വി പ്രസാദ്.
യൂത്ത് കോണ്ഗ്രസ് നേതാവ് പി പി പ്രജീഷ് വിവരവകാശ നിയമ പ്രകാരം നൽകിയ മറുപടിയിലാണ് സെക്രട്ടറി വി വി പ്രസാദ് വിചിത്രമായ മറുപടി നൽകിയത്.
സ്ഥലമെടുപ്പിന് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് അതേ എന്നും ആരൊക്കെയാണ് ചെയർമാൻ/കൺവീനർ എന്ന ചോദ്യത്തിന് വിവരം ഇല്ല എന്നുമാണ് മറുപടി നൽകിയത്. പിരിച്ചെടുത്ത തുക സംബന്ധമായ ചോദ്യങ്ങൾക്കും, ബാങ്ക് അക്കൗണ്ട് സംബന്ധമായ ചോദ്യങ്ങൾക്കും, ചെക്ക് സംബന്ധമായ ചോദ്യങ്ങൾക്കും ഒക്കെ വിവരമില്ല എന്ന മറുപടിയാണ് നൽകിയത്.
പൊതു ജനങ്ങൾക്ക് അറിയാനുള്ള അവകാശത്തിനു വേണ്ടി ഉണ്ടാക്കിയ വിവരാവകാശ നിയമത്തെ തന്നെ അപഹസിക്കും വിധമാണ് സെക്രട്ടറിയുടെ മറുപടി എന്ന് പി പി പ്രജീഷ് ആരോപിച്ചു.
ആകെ ചോദിച്ച എട്ടിൽ ഏഴു ചോദ്യങ്ങൾക്കും വിവരമില്ല എന്ന മറുപടിയാണ് ലഭിച്ചത്.
പൊതു ജനങ്ങളിൽ നിന്ന് ആകെ ജനകീയ ഫണ്ട് സമാഹരണത്തിലൂടെ സ്വരൂപിച്ച തുക സംബന്ധിച്ച് യാതൊരു വിവരവും പഞ്ചായത്തിന് അറിയില്ല എന്നത് വരും ദിവസങ്ങളിൽ വലിയ ചർച്ചക്ക് വഴി വെക്കും