പെരിങ്ങത്തൂർ: സർക്കാർ നടപ്പിലാക്കുന്ന വികസന പ്രവർത്തനങ്ങളിൽ ജനങ്ങളും ഉദ്യോഗസ്ഥരും പങ്കു ചേരണമെന്ന് സ്പീക്കർ എ.എൻ. ഷംസീർ അഭിപ്രായപ്പെട്ടു.
പാനൂർ നഗരസഭയിലെ മേക്കുന്ന് കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ ആശുപത്രികളിൽ കാതലായ മാറ്റങ്ങളാണ് സർക്കാർ വരുത്തിയത്. സർക്കാർ വലിയ കെട്ടിടങ്ങൾ നിർമ്മിച്ചു നൽകുമ്പോൾ അതിൻ്റെ സംരക്ഷണം പൊതുജനങ്ങളും ജീവനക്കാരും ഏറ്റെടുക്കണം.
കെ.പി. മോഹനൻ എം.എൽ.എ. അധ്യക്ഷനായി.ഡോ: അനിൽകുമാർ റിപ്പോർട്ടവതരിപ്പിച്ചു.
നഗരസഭ കൗൺസിലർമാരായ കെ.പി. ഹാഷിം, ടി.കെ. ഹനീഫ, ഉമൈസ തിരുവമ്പാടി ,അഷിഖ ജുംന, എ. എം. രാജേഷ്, പി.കെ. പ്രവീൺ, കെ.ദാസൻ, എൻ.എ. കരീം, രുക്സാന ഇഖ്ബാൽ, ഡോ. റോഷ്ന രവീന്ദ്രൻ, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. ആശുപത്രി വികസനവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച വിവിധ മേഖലയിലുള്ളവരെ ആദരിച്ചു.
കുത്തുപറമ്പ് മണ്ഡലം മുൻ എം.എൽ.എയും ആരോഗ്യ മന്ത്രിയുമായിരുന്ന കെകെ ശൈലജയുടെ ശ്രമ ഫലമായാണ് ആശുപത്രിയുടെ പുതിയ കെട്ടിടത്തിന് 1.35 കോടി രൂപ അനുവദിച്ചത്. ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷവും എൻഎച്ച് എം ഫണ്ട് 35 ലക്ഷവും ഉൾപ്പെടെ ഒന്നര കോടി ചിലവഴിച്ചായിരുന്നു നിർമ്മാണം.
ഫർണിച്ചറുകൾ, ചുറ്റുമതിൽ, ഗേറ്റ് , ബോർഡ്, ഇൻറർലോക്ക് ,റോഡ് നവീകരണം, മറ്റു ഉപകരണങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് നഗരസഭയും ഫണ്ടനുവദിച്ചു.
1955ൽ കസ്തൂരി പറമ്പത്ത് കേളുനായർ സൗജന്യമായി നൽകിയ എട്ടു സെൻ്റ് ഭൂമിയിൽ നെല്ലിക്ക അഹമ്മദിൻ്റെ ശ്രമ ഫലമായാണ് പഴയ കെട്ടിടം നിർമ്മിച്ചത്. ദിവസവും മുന്നൂറോളം രോഗികൾ എത്താറുണ്ടിവിടെ.