പാനൂർ: വലിയാണ്ടി പീടിക നിന്ന് കനാൽ പാത വഴി ചിറക്കടവ് , ചായിലോട്ട് ഭാഗത്തേക്കുള്ള യാത്ര ദുഷ്കരമാകുന്നു. വഴി നീളെ കുണ്ടും കുഴിയും ആണ്. വഴിയിൽ ചെളി വെള്ളം കെട്ടി നിറഞ്ഞിരിക്കുന്നു. പോരാത്തതിന് കൂർത്ത കല്ലുകളും വഴി നീളെയുണ്ട്.
വലിയാണ്ടി പീടികയിൽ നിന്ന് 300 മീറ്റർ ദൂരമാണ് ജനങ്ങൾ പ്രയാസം അനുഭവിക്കുന്നത്. കനാൽ ആയതിനാൽ റോഡ് നിർമ്മിക്കാൻ അനുമതി ലഭിക്കില്ല എന്നാണ് അറിയുന്നത്. കനാലിനടിയിലെ പൈപ്പ് വഴിയായിരുന്നു നേരത്തെ വെള്ളം തുറന്നു വിട്ടിരുന്നത്.
വലിയാണ്ടി പീടികയിൽ കനാലിന് മുകളിലൂടെ വാഹനങ്ങൾ കടന്നു പോകുന്നുണ്ട്. ചിറക്കടവ് ഭാഗത്തേക്കുള്ള പാതയിൽ വാഹനങ്ങൾക്ക് അനുമതിയില്ല. കനാലിന് മുകളിൽ പെയ്യുന്ന മഴവെള്ളവും ഒഴുകിവരുന്ന വെള്ളവും സുഗമമായി നേരത്തെ ഒഴുകിപ്പോയിരുന്ന കലിങ്ക് ഇപ്പോൾ അടഞ്ഞിരിക്കുകയാണ്.
കനാലിൻ്റെ ഒരു ഭാഗത്ത് കൂടി വാഹനങ്ങൾക്ക് പോകാനുള്ള സഞ്ചാര പാത വേണം എന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. നിയമം ജനങ്ങൾക്ക് വേണ്ടിയാണ്.ലോകാവസാനം വരെ റോഡ് നിർമ്മിക്കാൻ പാടില്ല എന്നുള്ളത് അനീതിയാണ്.
നേരത്തെ വലിയാണ്ടി പീടികയിലേക്ക് ചിറക്കടവ് നിന്ന് പൊതു വഴി ഉണ്ടായിരുന്നു. പൊതു വഴി അടക്കം അന്ന് സർക്കാർ കനാലിനു വേണ്ടി അക്വയർ ചെയ്തു. കനാൽ വന്നതിനു ശേഷം പൊതു വഴി അടയുകയും ചെയ്തു. പ്രദേശവാസികൾ വാഹനത്തിൽ വരാൻ പ്രയാസം അനുഭവിക്കുന്നു. ഓട്ടോറിക്ഷകൾ ഈ ഭാഗത്തേക്ക് വരുന്നില്ല.
വലിയാണ്ടി പീടികയിൽ നിന്ന് ചിറക്കടവ് വരെ ഒരു വശത്തു കൂടി 4 മീറ്റർ വീതിയിൽ സഞ്ചാര പാത വേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. അതിനു വേണ്ടി നഗരസഭാ കൗൺസിലർ, എംഎൽഎ, എം.പി എന്നിവർക്ക് നാട്ടുകാർ നിവേദനം നൽകിയിട്ടുണ്ട്.
വലിയാണ്ടി പീടികയിൽ നിന്ന് ചിറക്കടവ് ഭാഗത്തേക്ക് റോഡ് നിർമ്മിക്കുവാൻ നഗരസഭ അടിയന്തരമായി ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. ഇറിഗേഷൻ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് ആവശ്യമായ പാതയ്ക്ക് വേണ്ട അനുമതി ലഭ്യമാക്കേണ്ടതാണ്.