Zygo-Ad

എൻസിടിഐസിഎച്ച് തെയ്യം കല അക്കാദമിയുടെ ആഭിമുഖ്യത്തിൽ കരകൗശല ശില്പശാല ആരംഭിച്ചു


ചെണ്ടയാട്: കേന്ദ്ര സർക്കാരിന്റെ സയൻസ് ആൻഡ് ഹെറിറ്റേജ് റിസർച്ച് ഇനിഷിയേറ്റീവ് പദ്ധതിയുടെ കീഴിൽ, എൻസിടിഐസിഎച്ച് തെയ്യം കല അക്കാദമിയുടെ ആഭിമുഖ്യത്തിൽ കരകൗശല ശില്പശാല ചെണ്ടയാട് ജവഹർ നവോദയ വിദ്യാലയത്തിൽ ആരംഭിച്ചു.

2024 ഒക്ടോബർ 21 മുതൽ ഒരു മാസം നീണ്ടു നിൽക്കുന്ന 2D ,3D കരകൗശല ശിൽപശാല ചെണ്ടയാട് ജവഹർ നവോദയ വിദ്യാലയത്തിൽ നടന്നുകൊണ്ടിരിക്കുകയാണ്. വിദ്യാർത്ഥികൾക്കായി 3D ശില്പശാലയിൽ കുഞ്ഞിമംഗലത്തെ പൈതൃക നിർമ്മിതിയായ വെങ്കല ശില്പങ്ങളെയാണ് (ബെൽമെറ്റൽ ക്രാഫ്റ്റ് ) പരിചയപ്പെടുത്തുന്നത്. 

 മെഴുകിൽ ഡിസൈൻ ചെയ്യുന്ന ശില്പങ്ങളെ കരു പഴുപ്പിച്ച് മണ്ണിൽ കുഴിച്ചിട്ടു പാകമായ ശേഷം , ആളിക്കത്തുന്ന മൂശയിലെ പാത്രത്തിൽ കനൽക്കട്ടയുടെ നിറത്തിൽ വെങ്കലം ഉരുകി തിളയ്ക്കുന്ന സമയത്ത് ലോഹ സങ്കരത്തിന്റെ പാത്രം കൊടിലു കൊണ്ടെടുത്ത് മെഴുകിൽ ഡിസൈൻ ചെയ്ത കരുവിനുള്ളിലേക്ക് ശ്രദ്ധയോടെ ഒഴിച്ച്‌ മാറ്റി വെക്കുന്നു. ഈ കാഴ്ച്ച ചുറ്റും നിൽക്കുന്ന വിദ്യാർത്ഥികളിൽ ആകാംക്ഷയുടെ കനൽ തിളക്കം സൃഷ്ടിക്കുകയുണ്ടായി. 

വെങ്കല ശില്പ നിർമ്മിതിയുടെ മർമ്മ പ്രധാന ഘട്ടമാണ് ലോഹം ഉരുക്കിയൊഴിക്കുന്ന ഈ പ്രക്രിയ. കുഞ്ഞിമംഗലത്തെ പ്രശസ്ത ശില്പിയായ വത്സൻ അവർകളുടെ മേൽനോട്ടത്തിൽ ആണ് നവോദയയിൽ വെങ്കല ശില്പ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. 

   എൻസിടിഐസിഎച്ച് തെയ്യം കലാ അക്കാദമിയിലെ സോഫ്റ്റ്‌വെയർ അസിസ്റ്റന്റ് അനുഷ കെ വി , ജവഹർ നവോദയ വിദ്യാലയ പ്രിൻസിപ്പൽ വി എം ശശി എന്നിവർ നേതൃത്വം നൽകി 

          ദേശീയ കലാ സാംസ്കാരിക പാരമ്പര്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൻറെ ഭാഗമായാണ്  എൻസിടിഐസിഎച്ച്  തെയ്യം കല അക്കാദമി ഇത്തരം ഒരു ശില്പശാല നടത്തുന്നത്. വിദ്യാർത്ഥികൾക്കിടയിൽ പൈതൃകങ്ങളോടും കലകളോടുമുള്ള അഭിരുചി വളർത്തിയെടുക്കുകയും അവർക്കിടയിൽ ഈ ശില്പശാല പുത്തൻ അനുഭവമാക്കി മാറ്റുകയുമെന്നതാണ്  എൻസിടിഐസിഎച്ച് തെയ്യം കല അക്കാദമിയും ചെണ്ടയാട് നവോദയ വിദ്യാലയവും ലക്ഷ്യമിടുന്നത്.

വളരെ പുതിയ വളരെ പഴയ