ചൊക്ലി :ചൊക്ലി സബ്ജില്ല കലോത്സവുമായി ബന്ധപ്പെട്ട് ട്രാഫിക് നിയന്ത്രണം ഏറ്റെടുത്ത രാമവിലാസത്തിലെ എൻ സി സി കേഡറ്റുകൾ മുഴുവൻ ആളുകളുടെയും ശ്രദ്ധ പിടിച്ചു പറ്റി. വളരെ തിരക്കേറിയ സ്കൂൾ പരിസരം കേഡറ്റുകൾ വളരെ കാര്യക്ഷമമായി നിയന്ത്രിച്ചു. ഏകദേശം നാലായിരത്തോളം വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും പങ്കെടുത്ത കലോത്സവം കേഡറ്റുകളുടെ സമയോചിതമായ ഇടപെടൽ കാരണം ഏറ്റവും സുരക്ഷിത മേഖലയായി മാറി . കേഡറ്റുകളുടെ മാതൃകപരമായ പ്രവർത്തനം നിരീക്ഷിച്ച ചൊക്ലി പോലീസ് എൻ സി സി കേഡറ്റുകളെ ആദരിക്കാൻ തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ചൊക്ലി പോലീസ് സബ് ഇൻസ്പെക്ടർ സന്തോഷ് ലാൽ, എ എസ് ഐ സുനിൽ കുമാർ,സിവിൽ പോലീസ് ഓഫീസർ ശ്രീജിത്ത് രാമവിലാസം എൻ സി സി ഓഫീസിൽ എത്തി. പരേഡ് ഗ്രൗണ്ടിൽ വെച്ച് ട്രാഫിക്ക് ഡ്യൂട്ടിക്ക് നേതൃത്വം നൽകിയ കേഡറ്റുകളായ ഈഷാൻ സ്മിതേഷ്, അൻവിത ആർ ബിജു, കിരൺ ബേദി എസ് എന്നിവർക്ക് ഉപഹാരം നൽകി.
ചടങ്ങിൽ സ്കൂൾ മാനേജർ പ്രസീത് കുമാർ, പ്രിൻസിപ്പൽ പ്രശാന്തൻ തച്ചരത്ത്, ഹെഡ് മാസ്റ്റർ പ്രദീപ് കിനാത്തി, എൻ സി സി ഓഫീസർ ടി.പി. രാവിദ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
രാമവിലാസത്തിലെ എൻ സി സി കേഡറ്റുകളുടെ പ്രവർത്തനം മാതൃകപരവും മറ്റു വിദ്യാർത്ഥികൾക്ക് അനുകരണീയവുമാണെന്ന് പോലീസ് സബ് ഇൻസ്പെക്ടർ സന്തോഷ് ലാൽ അഭിപ്രായപ്പെട്ടു .