പെരിങ്ങത്തൂർ : കണ്ണൂർ-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന അരനൂറ്റാണ്ട് പഴക്കമുള്ള പെരിങ്ങത്തൂർ പാലത്തിന്റെ അറ്റകുറ്റപ്പണിക്ക് തുക അനുവദിച്ചിട്ടും നിർമാണം തുടങ്ങിയില്ല. കൈവരികൾ, പാർശ്വഭാഗങ്ങൾ, ഉപരിതലം എന്നിവയെല്ലാം കാലപ്പഴക്കത്താൽ ദ്രവിച്ചുതുടങ്ങി. മുകൾഭാഗത്ത് വിള്ളലുകൾ രൂപപ്പെട്ടിട്ടുണ്ട്. അടിഭാഗത്തും കോൺക്രീറ്റ് അടർന്ന് കമ്പികൾ പുറത്ത് വന്ന നിലയിലാണ്.
ഒന്നര വർഷം മുൻപ് ഒരു ഭാഗത്തെ കൈവരി പൊട്ടി അടർന്ന് ചരിഞ്ഞ നിലയിൽ പുഴയിലേക്ക് തള്ളിനിന്നിരുന്നു. നാട്ടുകാർ പരാതിപ്പെട്ട് മടുത്തിരിക്കുകയാണ്. കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ഒരുപോലെ അപകടസാധ്യതയുള്ളതാണ് കൈവരിയുടെ ഈ അവസ്ഥ. കൈവരി പൂർവസ്ഥിതിയിലാക്കണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടില്ല. സംസ്ഥാ പാത 38-ലെ ഈ പാലത്തിന് നേരത്തേ പൊതുമരാമത്ത് വകുപ്പ് 24.9 ലക്ഷം രൂപ അനുവദിച്ച് ഉത്തരവായിരുന്നു. സംസ്ഥാനത്ത് 68 പാലങ്ങൾക്കാണ് അടിയന്തിരപണിക്ക് 13.47 കോടി രൂപ അനുവദിച്ചത്. ജില്ലയിൽ നാല് പാലങ്ങൾക്ക് മാത്രമാണ് അറ്റകുറ്റപ്പണിക്ക് അനുമതി.